life
ഭരണിക്കാവ് ചക്കുവള്ളി റോഡിലെ പുറമ്പോക്കിൽ നാലുവർഷമായി പ്ലാസ്റ്റിക്ക് കൂരയ്ക്ക് കീഴിൽ കഴിയുന്ന മുരളീധരൻ ആചാരിയും ഭാര്യ സ്വർണ്ണമ്മയും

ശാസ്താംകോട്ട: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ കുന്നത്തൂർ താലൂക്കിലെ അർഹരായവർക്ക് ആനുകൂല്യം ലഭിച്ചില്ലെന്ന് പരാതി. സ്വന്തമായി ഭൂമിയില്ലാതെ വാടകയ്ക്ക് താമസിക്കുന്നവരും ആകെയുള്ള ഒരുതരി മണ്ണിൽ മാടം ഒടിച്ചുകുത്തി താമസിക്കുന്നവരും ഏറെ ഉണ്ടെങ്കിലും ഇവരെല്ലാം പട്ടികയ്ക്ക് പുറത്താണെന്നാണ് ആക്ഷേപം. കർശന മാനദണ്ഡങ്ങളും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ സർവേയിലെ പാകപ്പിഴകളുമാണ് പലരെയും ചവിട്ടിപ്പുറത്താക്കിയത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ സർവേയെക്കുറിച്ച് തുടക്കത്തിൽ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും അദാലത്തുകൾ നടത്തിയെങ്കിലും അർഹതയുള്ളവരെ ഉൾക്കൊള്ളിക്കാനായില്ലെന്നാണ് ആക്ഷേപം. മറ്റ് ഭവനപദ്ധതികൾ കൂടി ലൈഫുമായി ഏകീകരിച്ചതോടെ അർഹരായവരെ മറ്റു പദ്ധതികളിലും ഉൾപ്പെടുത്താൻ കഴിയാതെ ത്രിതല പഞ്ചായത്തുകൾ നിസഹായവസ്ഥയിലാണ്.

പദ്ധതിയുടെ ഗുണഭോക്താക്കൾ

01. ഭൂമിയുള്ള ഭവനരഹിതർ

02. മറ്റു ഭവനപദ്ധതികളുടെ ഗുണഭോക്താക്കളായി വീടുപണി തീരാത്തവർ

03. പുറമ്പോക്കിലും മറ്റും താൽക്കാലിക വീടുള്ളവർ

04. ഭൂമിയില്ലാത്തവർ

വില്ലനായ മാനദണ്ഡങ്ങൾ

01. 2017 ആഗസ്റ്റിന് മുമ്പ് റേഷൻ കാർഡുള്ളവരാകണം

02. ഒരു റേഷൻ കാർഡിന് ഒരു വീട്

03. 25 സെന്റിൽ കൂടുതൽ ഭൂമിയുണ്ടാകരുത്

ശാസ്താംകോട്ട ബ്ലോക്കിൽ ഇതുവരെ പൂർത്തീകരിച്ച വീടുകൾ

01. കുന്നത്തൂർ: 106

02. മൈനാഗപ്പള്ളി: 132

03 . പോരുവഴി: 177

04. ശാസ്താംകോട്ട: 137

05. ശൂരനാട് വടക്ക്: 116

06. ശൂരനാട് തെക്ക്: 205

07. പടിഞ്ഞാറെ കല്ലട : 95