fish

 വള്ളങ്ങൾ കായംകുളം ഹാർബറിലേക്ക്

കൊല്ലം: ട്രോളിംഗ് നിരോധനം നിലവിൽ വന്ന് മത്സ്യത്തിന്റെ ആവശ്യകത വർദ്ധിച്ചതിനിടെ ലഭ്യത കുറഞ്ഞതോടെ കൊല്ലം തീരത്ത് വില ഉയർന്നു. മത്സ്യലഭ്യത കുറവുള്ള ദിവസങ്ങളിലെല്ലാം പെട്ടെന്ന് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി കൂടി വില ഉയർത്തുകയാണ്.

ട്രോളിംഗ് നിരോധനത്തിന് തൊട്ടുമുൻപ് 200 രൂപയായിരുന്നു ഒരു കിലോ ചാളയുടെ വില. ഇപ്പോൾ 250 രൂപയായി ഉയർന്നു. ഇത് കച്ചവടക്കാർ വഴി ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോൾ ഇരട്ടിയിലേറെ ഇയരും. ചന്തകളിൽ നൂറ് രൂപയ്ക്ക് അഞ്ച് ചാളയാണ് ഇപ്പോൾ വിൽക്കുന്നത്. സർക്കാർ വകുപ്പുകൾ ഇടപെട്ട് മത്സ്യക്കച്ചവടക്കാരുടെ കൊള്ളയ്ക്ക് തടയിട്ടില്ലെങ്കിൽ സാധാരണക്കാർക്ക് മത്സ്യം വാങ്ങാനാകാത്ത സ്ഥിതിയാകും.

നീണ്ടകരയിൽ വലിയ മത്സ്യങ്ങൾ പിടിക്കുന്ന സ്റ്റോർ വള്ളങ്ങൾ മാത്രമാണ് ഇപ്പോൾ അടുക്കുന്നത്. കോരൻ അടക്കമുള്ള വള്ളങ്ങൾ കായംകുളം ഹാർബറിലേക്ക് പോവുകയാണ്. മത്സ്യലഭ്യത കുറഞ്ഞാൽ വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കും. ട്രോളിംഗ് നിരോധനത്തിന്റെ ആദ്യദിനങ്ങളിൽ വള്ളങ്ങൾക്ക് കാര്യമായി മത്സ്യം ലഭിച്ചതിനാൽ വിലയിൽ കാര്യമായ മാറ്റം വന്നിരുന്നില്ല.

ജൂലായ് 31നാണ് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം അവസാനിക്കുന്നത്. നിരോധനം നിലനിൽക്കുന്നതിനാൽ ആഴത്തിൽ വലവിരിക്കുന്ന ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾ ഇപ്പോൾ കടലിൽ പോകുന്നില്ല.

ഇനം ഇപ്പോഴത്തെ വില, ട്രോളിംഗ് നിരോധനത്തിന് മുൻപ് (കിലോയിൽ)

ചാള: 200, 250

ചൂര വലുത് (750 ഗ്രാമിന് മുകളിൽ): 250, 220

ചൂര ഇടത്തരം (750 ഗ്രാം വരെ): 200, 180

പൊള്ളൻചൂര: 170, 150

കരിച്ചാള: 150, 100

അയല വലുത്: 320, 300

അയല ഇടത്തരം: 240,220

നെത്തോലി: 130, 100