തന്റെ ആരാധകരോട് സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ സൽമാൻ ഖാൻ. സുശാന്തിന്റെ മരണത്തിൽ സൽമാൻ ഖാൻ ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ നിരവധി പേർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു.
സൽമാൻ ഖാന്റേത് അടക്കമുള്ള സിനിമാക്കാരുടെ കോലങ്ങളും സുശാന്തിന്റെ ആരാധകർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ ആരാധകരോട് ആത്മസംയമനം പാലിക്കാനും, സുശാന്തിന്റെ ആരാധകരുമായി പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും സൽമാന്റെ അഭ്യർത്ഥന.
'എന്റെ എല്ലാ ആരാധകരോടും സുശാന്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്നും, ശാപ വാക്കുകൾ ഉപയോഗിക്കാതെ വികാരത്തിനൊപ്പം നിൽക്കണമെന്നും അഭ്യർഥിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം വേദനാജനകമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും ആരാധകർക്കൊപ്പവും നിൽക്കണം' എന്ന് സൽമാൻ ട്വീറ്റ് ചെയ്തു.
സുശാന്തിന്റെ മരണത്തെ തുടർന്ന് ബോയ്‌കോട്ട് സൽമാൻ ഖാൻ, ബോയ്‌കോട്ട് ബോളിവുഡ് എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു. പിന്നാലെ സൽമാന്റെ ആരാധകർ രംഗത്തെത്തുകയും, വി സ്റ്റാൻഡ് വിത്ത് സൽമാൻ ഖാൻ ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു. ഇതോടെയാണ് സൽമാൻ പ്രതികരണവുമായി എത്തിയത്. നിലവിൽ സുശാന്തിന്റെ ആത്മഹത്യയിൽ കേസ് അന്വേഷണം നടക്കുകയാണ്. മൂന്ന് സ്‌പെഷ്യൽ ടീമുകളാണ് കേസ് അന്വേഷിക്കുന്നത്. ബോളിവുഡിലെ പ്രമുഖരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.