ബോളിവുഡിലെ പല സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നവരിൽ ഒരാളാണ് നടി കങ്കണ. ഇപ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. നടൻ ഹൃത്വിക് റോഷനെതിരെയുള്ള നിയമ പോരാട്ടങ്ങൾക്കിടെ തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളെ കുറിച്ചാണ് പുതിയ വെളിപ്പെടുത്തൽ. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും, അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തർ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി.
'ജാവേദ് അക്തർ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണ്. അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ കങ്കണയെ ജയിലിലടയ്ക്കും. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കും, ആത്മഹത്യ ചെയ്യേണ്ടിവരും എന്നാണ് ജാവേദ് അക്തർ പറഞ്ഞത്'- കങ്കണ ആരോപിക്കുന്നു.
ഹൃത്വിക് റോഷനോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ജാവേദ് ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് കങ്കണ ചോദിക്കുന്നു.നിർമ്മാതാവായ ആദിത്യ ചോപ്രയുമായും തനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. തന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്നു കങ്കണ ആരോപിച്ചു. എന്തുകൊണ്ടാണ് പദവിയുള്ള ആളുകൾ ഒരിക്കലും മറ്റൊരാളുമായി പ്രവർത്തിക്കില്ലെന്ന് പറയുന്നത്? എന്ത് അധികാരമാണ് അതിനുള്ളത്? തുടങ്ങിയ ചോദ്യങ്ങളാണ് കങ്കണ ഉന്നയിക്കുന്നത്.
തന്റെ സ്വകാര്യ ജീവിതം സിനിമാരംഗത്തെ പ്രശ്‌നങ്ങൾമൂലം തകർന്നെന്നും താരം പറയുന്നു. ഒരാൾക്ക് തന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അയാൾ പിന്മാറി. തന്റെ കരിയർ ചോദ്യമായി നിൽക്കുമ്പോഴാണ് അയാൾ പ്രണയം ഒഴിവാക്കിപ്പോയതെന്നും നടി പറയുന്നു. കങ്കണയ്ക്ക് പുറമെ സോനു നിഗം അടക്കമുള്ള പലരും ബോളിവുഡിൽ നടക്കുന്ന അണിയറ രഹസ്യങ്ങളെ കുറിച്ചുള്ള വിമർശനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നു.