കൊല്ലം: കടയുടെ മുന്നിൽ നിറുത്തിയിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിനാൽ പ്രതിയെ കണ്ടെത്താൻ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. മാസ്ക് ധരിച്ചെത്തിയ യുവാവ് മുഴങ്ങോടി പാട്ടുപുരയ്ക്കൽ ജംഗ്ഷനിൽ നിന്നും സ്കൂട്ടർ മിന്നൽവേഗത്തിൽ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇവിടെ സ്റ്റേഷനറിക്കട നടത്തുന്ന മുഴങ്ങോടി ഭരതാലയത്തിൽ സുദർശനൻ, മരുമകൾ സീമ എന്നിവർ ഉച്ചഭക്ഷണവുമായി എത്തിയ കെ.എൽ 23-കെ 259 നമ്പർ മസ്‌റ്റാഡ് സ്കൂട്ടറാണ് നിമിഷങ്ങൾക്കുള്ളിൽ കടത്തിയത്.
സീമയുടെ ഭർത്താവ് ബിജുവിന്റെ പേരിലുള്ളതാണ് സ്കൂട്ടർ. സ്കൂട്ടർ കടയ്ക്ക് മുന്നിൽ നിറുത്തി ഭക്ഷണം കടയ്ക്കുള്ളിൽ വച്ച് തിരികെ ഇറങ്ങുമ്പോൾ മാസ്ക് ധരിച്ച യുവാവ് സ്കൂട്ടർ വെളുത്ത മണൽ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. താക്കോൽ സ്കൂട്ടറിൽ തന്നെ വച്ചാണ് സീമ കടയ്ക്കുള്ളിലേക്ക് പോയത്. മോഷ്ടാവിന്റെ ചിത്രം സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞതാണ് അല്പം ആശ്വാസം. എന്നാൽ മാസ്ക് ഉള്ളതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. കരുനാഗപ്പള്ളി സി.ഐ എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.