കൊല്ലം: കുണ്ടറ ആറുമുറിക്കടയിലെ ഹൈമാസ്റ്റ് ലൈറ്റ് തകർന്ന് മൂന്ന് വർഷം, ജംഗ്ഷൻ ഇരുട്ടിലായിട്ടും പുനസ്ഥാപിക്കാതെ അധികൃതരുടെ മെല്ലെപ്പോക്ക്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ആറുമുറിക്കട ജംഗ്ഷനിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 4.6 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് തകർന്നത്. 2017 ജൂൺ 13നാണ് ആന്ധ്രയിൽ നിന്ന് കൊല്ലത്തേക്ക് അരി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ലൈറ്റ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂടോടെ ഇളകിവീണ ലൈറ്റിന്റെ ഭാഗങ്ങൾ റോഡിന്റെ വശത്തായി മാറ്റിയിട്ടിരിക്കുകയാണ്. ചുവട്ടിൽ ഉറപ്പിച്ചിരുന്ന ബാറ്ററിയും കമ്പികളും അതേപടി റോഡിന്റെ നടുക്കായി ശേഷിക്കുന്നുണ്ട്. ഇടിച്ച ലോറിക്കാർ 2.6 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയിരുന്നെങ്കിലും പുനസ്ഥാപിക്കാൻ അധികൃതർ ഇതുവരെ താത്പര്യമെടുത്തില്ലെന്നാണ് ആക്ഷേപം.
ദേശീയ പാതയിൽ വളവുള്ള ഭാഗമാണ് ആറുമുറിക്കട ജംഗ്ഷൻ. നെടുമൺകാവ് ഭാഗത്ത് നിന്നുള്ള റോഡ് ദേശീയപാതയിൽ സംഗമിക്കുന്നതും ഇവിടെയാണ്. രാത്രി കാലങ്ങളിൽ ബസ് കാത്ത് നിൽക്കുന്നവരും കാൽനടക്കാരും ഇരുട്ടത്ത് തപ്പിത്തടയുന്ന ഗതികേടുണ്ടായിട്ടും അധികൃതർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.