കൊല്ലം: ലോക്ക്ഡൗണിൽ ബസ് കുറവാണെന്ന് പറഞ്ഞ കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി ജീവനക്കാരനെ കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. അഞ്ചൽ തഴമേൽ അലയമൺ ചരുവിള പുത്തൻവീട്ടിൽ സന്തോഷിനെ(42) ആണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലാച്ചേരി കലയനാട് താമരപ്പള്ളിയിൽ താമസിച്ചുവരുന്ന പ്രതി ഞായറാഴ്ച താമസ സ്ഥലത്തേക്ക് പോകാനായി പുനലൂർ ബസ് സ്റ്റാൻഡിലെത്തി. ബസ് ഇല്ലാതെ വന്നതോടെ സെക്യൂരിറ്റി ജീവനക്കാരൻ ജോർജ്ജിനോട് വിവരം തിരക്കി. ലോക്ക്ഡൗൺ ആയതിനാൽ ബസ് കുറവാണെന്ന് പറഞ്ഞതോടെ സന്തോഷ് അസഭ്യം പറഞ്ഞു. പിന്നീട് തറയിൽ നിന്നും കല്ലെടുത്ത് ജോർജ്ജിനെ ഇടിച്ചു. അല്പദൂരം മാറി നിന്നിട്ട് കല്ലെടുത്ത് എറിഞ്ഞും പരിക്കേൽപ്പിച്ചു. പരിക്കേറ്റ ജോർജ്ജിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.