bjp

കൊല്ലം: വൈദ്യുതി ബില്ലിന്റെ മറവിൽ സർക്കാർ പകൽ കൊള്ള നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ. കൊവിഡ് കാലത്തെ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓലയിൽ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലഘട്ടത്തിൽ വൈദ്യതി ബിൽ പൂർണമായും സൗജന്യമാക്കണം, കാർഷിക, വാണിജ്യ, വ്യവസായ മേഖലയിലെ വൈദ്യുതി ബില്ലിനെ സംബന്ധിച്ച് പുനഃപരിശോധന നടത്തി ലോക്ഡൗൺ സമയത്തെ ബിൽ സൗജന്യമാക്കണം, താരിഫിലും വൈദ്യുതി ബിൽ ഘടനയിലും മാറ്റം വരുത്തി ഉപഭോക്താക്കളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം. ഇല്ലെങ്കിൽ ബി.ജെ.പി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, സുജിത്ത് സുകുമാരൻ, ശശികലാറാവു, ബി. ഷൈലജ, എം. സുനിൽ തുടങ്ങിയവർ സംസാരിച്ചു.