കൊല്ലം: ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനവും സർവീസുകളുടെ എണ്ണവും ഉയരുന്നു. ലോക്ക് ഡൗണിനിടയിൽ സർവീസ് തുടങ്ങിയപ്പോൾ 150ൽ താഴെ ബസുകൾ മാത്രമാണ് നിരത്തിലിറക്കിയത്. ഇപ്പോൾ സർവീസുകളുടെ എണ്ണം അമ്പത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നു.
ജില്ലയിൽ 520 കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകളാണ് ആകെയുള്ളത്. ഇതിൽ 221 സർവീസുകൾ ഇന്നലെ നിരത്തിലിറങ്ങി. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ളതിനാൽ ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് സർവീസുകൾ നടത്തുന്നില്ല. ലോക്ക് ഡൗൺ സർവീസിന്റെ ആദ്യദിനങ്ങളിൽ ഓർഡിനറി ബസുകളുടെ ശരാശരി വരുമാനം 4,000 രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ ഏകദേശം 5,000 രൂപയുടെ ടിക്കറ്റുകൾ വരെ വിൽക്കുന്നു. ഫാസ്റ്റുകളിൽ 5,000 രൂപയുടെ ടിക്കറ്റ് വിറ്റിരുന്നിടത്ത് ഇപ്പോൾ 8,000 ആയി ഉയർന്നു. കൊവിഡ് വ്യാപനത്തിന് മുൻപ് ഓർഡിനറികൾക്ക് 8,000 മുതൽ 12,000 വരെയും ഫാസ്റ്റ് പാസഞ്ചറുകൾക്ക് 20,000 രൂപ വരെയുമായിരുന്നു ശരാശരി വരുമാനം.
യാത്രക്കാരുടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി കൂടുതൽ സർവീസുകളുടെ എണ്ണം ഉയർത്തും. സ്വകാര്യ ബസുകൾ പൂർണമായും നിരത്തിലിറങ്ങാത്തതും കെ.എസ്.ആർ.ടി.സിക്ക് ഗുണം ചെയ്യുന്നു.
''
സർവീസുകൾ പഴയ നിലയിലേക്ക് മടങ്ങിയെത്താൻ കുറഞ്ഞത് രണ്ട് മാസമെങ്കിലുമെടുക്കും. ഗ്രാമീണ മേഖലകളിലെ സർവീസ് ഇപ്പോഴും നഷ്ടത്തിലാണ്.
കെ.എസ്.ആർ.ടി.സി അധികൃതർ
ആകെ ഷെഡ്യൂളുകൾ: 520
ഇന്നലെ നടത്തിയത്: 221
ഡിപ്പോ, ഇന്നലെ നടത്തിയ സർവീസുകളുടെ എണ്ണം
ചടയമംഗലം- 23
ചാത്തന്നൂർ-29
കരുനാഗപ്പള്ളി-40
കൊല്ലം-55
കൊട്ടാരക്കര-50
കുളത്തൂപ്പുഴ-17
പത്തനാപുരം-22
പുനലൂർ-30
ആര്യങ്കാവ്-0