ജോലി നഷ്ടപ്പെട്ട് മറുനാട്ടിൽ നിന്ന് മടങ്ങുന്നവരേറുന്നു
കൊല്ലം: കൊവിഡ് കാലത്തെ ലോക്ക് ഡൗൺ ദുരിതങ്ങൾക്കിടെ വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങിയെത്തിയത് 22,158 പേർ. ഇവരിൽ 5,495 പേർ പ്രവാസികളാണ്. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്‌തിരുന്നവർ, വിദ്യാർത്ഥികൾ, ആശുപത്രി ആവശ്യങ്ങൾക്ക് പോയിരുന്നവർ ഉൾപ്പെടെ 16,663 പേർ ട്രെയിൻ - റോഡ് മാർഗങ്ങൾ വഴിയാണ് മടങ്ങിയത്. ഇവരിൽ 14,103 പേർ സംസ്ഥാനത്തെ ആറ് ചെക്ക്പോസ്റ്റുകൾ വഴി റോഡുമാർഗം എത്തിയപ്പോൾ 2,560 പേർ പ്രത്യേക ട്രെയിനുകളിലാണ് നാട്ടിലേക്കെത്തിയത്. മേയ് ആദ്യവാരം മുതലാണ് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ഇവർക്ക് ലഭിച്ചത്.
വന്ദേ ഭാരത് മിഷനിൽ അടുത്ത മാസം കൂടുതൽ വിമാനങ്ങളെത്തുന്നതോടെ തൊഴിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊല്ലത്തേക്ക് മടങ്ങാൻ ആഗ്രഹിച്ചവരിൽ മിക്കവർക്കും വീട്ടിലെത്താനായി. പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ വലിയൊരു വിഭാഗത്തിനും യാത്രാ സൗകര്യങ്ങൾ ലഭ്യമായിട്ടില്ല. ഇവരുടെ മടങ്ങിവരവ് വൈകുന്നതിന്റെ ആശങ്ക പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുണ്ട്.
പ്രവാസികൾ 10,000 കടക്കും
പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചതിന് ശേഷം വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തിയ 307 വിമാനങ്ങൾ, മാലിയിൽ നിന്നും ലക്ഷദ്വീപിൽ നിന്നും വന്ന ഓരോ കപ്പലുകൾ എന്നിവ വഴിയാണ് 5,495 പ്രവാസികൾ ജില്ലയിലെത്തിയത്. ഇവരിൽ നിശ്ചിത ശതമാനം വിദ്യാർത്ഥികളെ മാറ്റിനിറുത്തിയാൽ മറ്റുള്ളവരെല്ലാം തൊഴിൽ അനിശ്ചിതത്വത്തിൽ മടങ്ങിയവരാണ്. അടുത്ത കാലത്തൊന്നും തൊഴിലിടങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്നും ഉറപ്പില്ല. ജൂലായിൽ കൂടുതൽ പ്രവാസികൾ മടങ്ങുമ്പോൾ ജില്ലയിൽ തൊഴിൽ രഹിതരാകുന്ന പ്രവാസികളുടെ എണ്ണം പതിനായിരം കടക്കാനാണ് സാദ്ധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളിൽ പലർക്കും അടുത്ത കാലത്തൊന്നും തിരികെ മടങ്ങാൻ കഴിഞ്ഞേക്കില്ല.
കൈവിടാതെ കരുതൽ വേണം
കഴിഞ്ഞ 14 ദിവസത്തിനിടെ അയൽ സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിവർ സർക്കാർ കേന്ദ്രങ്ങളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. അടുത്ത മാസത്തോടെ വിദേശത്ത് നിന്ന് കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങും. അവരെ കൃത്യമായി നിരീക്ഷണത്തിലാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കും കൊവിഡ് പ്രതിരോധത്തിൽ പൊതു ജനങ്ങൾക്കും ജാഗ്രത അനിവാര്യമാണ്.
''
പ്രവാസികൾ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനെത്തുമ്പോൾ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും.
ബി. അബ്ദുൽ നാസർ,
ജില്ലാ കളക്ടർ
ഇതുവരെ മടങ്ങിയെത്തിയവർ: 22,158
പ്രവാസികൾ: 5,495
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റോഡ് മാർഗം: 14,103
ട്രെയിനിൽ: 2,560