krithika

ചവറ: കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചവറ കുളങ്ങര ഭാഗം ദേവികൃപയിൽ പരേതനായ വേലായുധൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകൾ കൃതിക.വി. പിള്ളയാണ് (15) മരിച്ചത്. കൊറ്റംകുളങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. കൃതികയുടെ അമ്മ കരൾ പകുത്ത് നൽകാൻ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് ഇന്നലെ രാവിലെ കൃതിക മരണത്തിന് കീഴടങ്ങിയത്. അച്ഛൻ വേലായുധൻപിള്ള രണ്ടുവർഷം മുമ്പാണ് കാൻസർ ബാധിച്ച് മരിച്ചത്. അമ്മ ബിന്ദു പത്തനംതിട്ട കൊടുമൺ പഞ്ചായത്ത് ജീവനക്കാരിയാണ്. ഇവരുടെ മൂന്ന് മക്കളിൽ മൂത്ത കുട്ടിയാണ് കൃതിക. കൃപ വി.പിള്ള (13), കീർത്തന വി.പിള്ള (8) എന്നിവരാണ് സഹോദരങ്ങൾ.