parthiban

സച്ചിയുടെ ആ​ഗ്രഹം നിറവേറ്റാൻ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായരാവുമെന്ന് തെന്നിന്ത്യൻ നടൻ പാർത്ഥിപൻ. സച്ചിക്ക് ആ​ദരാഞാജലി നേർന്ന് പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സച്ചിയുടെ സ്വപ്നം സത്യമാക്കാൻ താൻ സിനിമ കാണുകയാണെന്നും മലയാളികളുടെ സഹകരണം വേണമെന്നും പാർത്ഥിപൻ പറഞ്ഞു.

"അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിജു മേനോൻ ചെയ്ത കഥാപാത്രം ഞാൻ ചെയ്താൽ നന്നാവുമെന്ന് പലരും പറഞ്ഞു. സച്ചിയും പറഞ്ഞിരുന്നു. എന്നാൽ ഇത്ര നേരത്തെ സച്ചിക്ക് വിട പറയേണ്ടി വരുമെന്ന് കരുതിയില്ല. ഇന്ന് ഞാൻ ആ സിനിമ കാണുന്നുണ്ട്. സച്ചിയുടെ ആ​ഗ്രഹം നിറവേറ്റാൻ എന്നേകൊണ്ട് പറ്റും വിധം ശ്രമിക്കും. മലയാളി സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു" പാർത്ഥിപൻ കുറിച്ചു.

സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ പുരോമ​ഗമിക്കുന്നതിനിടെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത അന്ത്യം.തമിഴിലേക്ക് മാറ്റുമ്പോൾ അയ്യപ്പൻ നായരായി പാർത്ഥിപനെയും കോശിയായി കാർത്തിയെയുമാണ് താൻ മനസിൽ കണ്ടിരുന്നതെന്ന് സച്ചി പറഞ്ഞിരുന്നു.

കതിരേശനാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഹിന്ദി റീമേക്ക് അവകാശം നടൻ ജോൺ എബ്രഹാമിന്റെ നിർമാണ കമ്പനിയുംസ്വന്തമാക്കിയിരുന്നു. പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ്‌സാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിൽ അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയുംകോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.