തന്റെ ലൈംഗികത വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവും ക്രിയേറ്റീവ് ഡയറക്ടറുമായ വികാസ് ഗുപ്ത. എംടിവിയിലെ കെയ്സി ഹേ യാരിയാം അടക്കം പല യൂത്ത് ഷോകളിലൂടെയും വെബ് സീരിയസുകളിലൂടെയും ശ്രദ്ധേയനാണ് വികാസ്. ബിഗ് ബോസ്11ലും പങ്കെടുത്തിരുന്നു. ഈയടുത്ത് വികാസിനെ രൂക്ഷമായി വിമർശിച്ചും അധിക്ഷേപിച്ചും വീഡിയോകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുകളുമായി വികാസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ലിംഗവിവേചനം ഇല്ലാതെ ആളുകളോട് എനിക്ക് പ്രണയം തോന്നാറുണ്ടെന്നും താൻ ഒരു ബൈസെക്ഷ്വൽ ആണെന്നുമാണ് വികാസ് ട്വീറ്റ് ചെയ്തത്. തന്നെ പല തരത്തിൽ പല ആളുകൾ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്ത് ഇങ്ങനെ പരസ്യമായി തുറന്നു പറച്ചിലിന് വഴിയൊരുക്കിയതിന് നന്ദിയുണ്ടെന്നും വികാസ് കുറിച്ചു.
പിന്നാലെ സീരിയൽവെബ് സീരിസ് താരങ്ങളായ പാർഥ് സംതാൻ, പ്രിയങ്ക് ശർമ്മ എന്നിവർക്കെതിരെയും വികാസ് രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇരുവരും വികാസിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങൾ ഉന്നയിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വികാസ് തന്റെ ഭാഗം വിശദീകരിച്ചത് എംടിവിയിലെ കെയ്സി യെ യാരീയാം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ യുവതാരം പാർഥ് സംതാനാണ് വികാസിനെതിരെ ആദ്യം പരാതി ഉന്നയിച്ചത്.
വികാസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് പാർഥ് പരാതിയും നൽകിയിരുന്നു. പാർഥ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും താനും പാർഥും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നുമാണ് വികാസ് പറയുന്നത്. വളരെ അടുപ്പത്തിലായിരുന്നു ഇരുവരും. പരാതി വ്യാജമാണെന്ന് വ്യക്തമായതോടെയാണ് കേസ് തള്ളിപ്പോയത്. ഇക്കാര്യം പാർഥ് തന്നെ തുറന്ന് സമ്മതിച്ച് രംഗത്തെത്തണമെന്നും വികാസ് പറയുന്നു