പുനലൂർ: ചെമ്മന്തൂർ ഇൻഡോർ സ്റ്റേഡിയത്തിനോട് ചേർന്നുള്ള തോട് മണ്ണിട്ട് നികത്തിയശേഷം ദിശമാറ്റിയൊഴുക്കുന്നത് സംബന്ധിച്ച് പരിശോധനയ്ക്കെത്തിയ നഗരസഭാ ചെയർമാന്റെ സംഘവും പ്രദേശവാസികളിൽ ചിലരും തമ്മിൽ വാക്കേറ്റം. ഇന്നലെ ഉച്ചയോടെയായിരുന്ന സംഭവം. തോട് ദിശമാറ്റിയൊഴുക്കാനുള്ള ശ്രമം വിവാദമായതോടെ സി.പി.ഐ നേതാക്കൾ ഇടപെട്ട് ജോലികൾ നിറുത്തിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്. ഇടതുമുന്നണി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇവരും മുൻ വാർഡ് കൗൺസിലറുൾപ്പെട്ട സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
സ്റ്റേഡിയത്തോട് ചേർന്ന് പഴയ ഒരു തോട് ഇല്ലെന്നും സ്വകാര്യ ഭൂമിയാണ് സമീപത്തുള്ളതെന്നുമുള്ള ഇവരുടെ വാദമാണ് ഇടതുനേതാക്കളുമായി തർക്കത്തിനിടയാക്കിയത്. എന്നാൽ പരിസ്ഥിതിലോല പ്രദേശത്തുകൂടി കടന്നുപോകുന്ന പഴയ തോട് പുനഃസ്ഥാപിക്കാമെന്ന് കരാറുകാരൻ ചെയർമാന് ഉറപ്പുനൽകി. പഴയ തോടിനെ സംബന്ധിച്ചുള്ള തർക്കം വില്ലേജോഫീസിലെ രേഖകൾ പരിശോധിച്ച് പരിഹരിക്കാനും ധാരണയായി. സ്റ്റേഡിയത്തിനുള്ളിലൂടെ പണിത പുതിയ തോടിന്റെ നിർമ്മാണ ജോലികൾ 80 ശതമാനത്തോളം പൂർത്തിയാക്കിയതിനാൽ അത് നിലനിർത്തും. ഇതിന്റെ ഇരുഭാഗങ്ങളിലും ഇരുമ്പ് വലകൾ സ്ഥാപിക്കും. മുകളിൽ മൂന്ന് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാനും ധാരണയായി. മുൻ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, സി. അജയപ്രസാദ്, കെ. രാധാകൃഷ്ണൻ, കെ. ധർമ്മരാജൻ, മോഹൻദാസ്, ജെ. ജ്യോതികുമാർ, ലാൽകൃഷ്ണ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, ബി.സുജാത തുടങ്ങിയവരാണ് പരിശോധനയ്ക്കെത്തിയത്.