ഓടനാവട്ടം: വെളിയം അഞ്ചുമൂർത്തീക്ഷേത്രത്തിന്റെ ആറാട്ടുചിറയിൽ മത്സ്യകൃഷി നടത്തുന്നതിനുള്ള പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തിനെതിരെ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രതിഷേധം. മൂന്ന് വർഷം മുൻപാണ് ജില്ലാ പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവിൽ കുളം നീന്തൽ പരിശീലനത്തിനായി നവീകരിച്ചത്. ഇവിടെയാണ് ഇപ്പോൾ സുഭിക്ഷ കേരളം പദ്ധയിലുൾപ്പെടുത്തി മത്സ്യക്കൃഷി നടത്താൻ പഞ്ചായത്ത് തീരുമാനിച്ചത്.
പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് വെളിയം അജിത് ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് പ്രസിഡന്റ് ജി. വാസുപിള്ള, ബി.ജെ.പി വെളിയം പഞ്ചായത്ത് സമിതി പ്രസിഡന്റ് പരുത്തിയറ സുധാകരൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ, ഉഷേന്ദ്രൻ എന്നിവർ സംസാരിച്ചു.