അഞ്ചൽ: ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ, അഞ്ചൽ ഏറത്തെ വീട്ടിൽ വിദഗ്ദ്ധ ഡോക്ടർമാരും പ്രത്യേക അന്വേഷണസംഘവും തെളിവെടുത്തു. തിരുവനന്തപുരം മെഡി.കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ വിഷ ചികിത്സാവിഭാഗം മേധാവി ഡോ. ജോസഫ്.കെ. ജോസ്, ഫോറസ്റ്റ് ഫോറൻസിക് വിഭാഗം മേധാവി ഡോ. കിഷോർ കുമാർ എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊല്ലം റൂറൽ അഡി. എസ്.പി മധുസൂദനൻ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇവർ എത്തിയത്. ഉത്രകിടന്ന മുറിയും കൊന്ന പാമ്പിനെ കുഴിച്ചിട്ട സ്ഥലവും പരിശോധിച്ച സംഘം പാമ്പ് ഇഴഞ്ഞ് കയറാനുള്ള സാദ്ധ്യതയും വിശകലനം ചെയ്തു.
ഉത്രയുടെ പിതാവ് വിജയസേനൻ, അമ്മ മണിമേഖല, സഹോദരൻ വിഷു എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കോടതിയിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സൂരജിന്റെയും പാമ്പിനെ നൽകിയ സുരേഷിന്റെയും ഫോറസ്റ്റ് കസ്റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ ദിവസവും ഇവരെ കല്ലുവാതുക്കൽ, ആലംകോട് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു.