ii

 തരിശ് ഭൂമിയിൽ വിത്തെറിഞ്ഞ് ജില്ലാ പഞ്ചായത്ത്

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്ത് നൂറ് ഏക്കർ ഭൂമിയിൽ കൃഷിയിറക്കും. 5.75 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകൾക്ക് പുറമെയാണ് കൃഷിക്കായി നൂറ് ഏക്കർ തരിശ് ഭൂമി കണ്ടെത്തുന്നത്. അയത്തിൽ വിശ്വറാണി ദേവാലയത്തോട് ചേർന്ന് കൊല്ലം രൂപതയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്ത് പച്ചക്കറി തൈകൾ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി പദ്ധതിക്ക് തുടക്കമിട്ടു. എൻജിനീയറിംഗ് ബിരുദധാരികളായ അഞ്ചുപേരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള 18 ഏക്കർ, കൊല്ലം രൂപതയുടെ നിയന്ത്രണത്തിൽ അയത്തിൽ, തെക്കുംഭാഗം എന്നിവിടങ്ങളിലായി 15 ഏക്കർ ഭൂമിയും പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം ഭൂമികളിൽ പ്രവാസി ഗ്രൂപ്പുകൾ, യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അർഹമായ സബ്സിഡിയോടെ കൃഷിയിറക്കി വിളവെടുക്കാനുള്ള അവസരമാണ് ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, വടക്കേവിള കൃഷി ഓഫീസർ ബി. അർച്ചന തുടങ്ങിയവർ പങ്കെടുത്തു.

കൃഷിയിറക്കുന്നത്: 100 ഏക്കറിൽ

(ജില്ലാ പഞ്ചായത്തിന്റെ ഫാമുകൾക്ക് പുറമേ)

വകയിരുത്തിയത്: 5.75 കോടി