mango

കൊല്ലം: നാടാകെ മാമ്പഴക്കാലത്തിന്റെ മണവും രുചിയുമാണ്. നാടൻ മാമ്പഴ ഇനങ്ങൾ ആവോളമുണ്ട് വിപണിയിൽ. മാങ്ങയുടെ വിളവ് വർദ്ധിച്ചതോടെ പ്രാദേശികമായി സംഭരിച്ച് നാടൻ രീതിയിൽ പഴുപ്പിച്ച് എടുത്തവയാണ് കൂടുതലും. വീട്ടുവളപ്പിലെ മാങ്ങ കച്ചിയിലും മറ്റ് രീതികളും വച്ച് പഴുപ്പിച്ച് വഴിയോരങ്ങളിൽ വിൽക്കുന്നവരും സജീവം.

കടകൾ, സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവിടങ്ങളിലൂടെയും വിപണനം നടക്കുന്നുണ്ട്. ജ്യൂസ് കടകളിൽ മാമ്പഴ ജ്യൂസ്, ഷേക്ക് തുടങ്ങിയവ സുലഭമാണ്. മാമ്പഴം, പാൽ, പഞ്ചസാര എന്നിവിയിട്ട് തയ്യാറാക്കുന്ന മാമ്പഴ ഷേക്കിന് ആവശ്യക്കാരേറെയാണ്. കർപ്പൂര മാങ്ങ, മൂവാണ്ടൻ മാങ്ങ, കിളിച്ചുണ്ടൻ മാങ്ങ, വലിയ കിളിച്ചുണ്ടൻ മാങ്ങ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പുറമെ അതിർത്തി കടന്നെത്തുന്നവയും ധാരാളം.

ഇനങ്ങൾ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. നൂറ് രൂപയ്ക്ക് മൂന്ന് കിലോ കിട്ടുന്ന മാമ്പഴം മുതൽ ഒരു കിലോയ്ക്ക് 100 രൂപ നൽകേണ്ട ഇനം വരെയുണ്ട്. മാമ്പഴങ്ങൾക്കൊപ്പം പച്ച മാങ്ങ വിപണിയും സജീവമായിട്ടുണ്ട്. ചന്തകളും വഴിയോരങ്ങളും കേന്ദ്രീകരിച്ചാണ് പച്ചമാങ്ങ വിപണിയും പച്ച പിടിക്കുന്നത്.