kollam-corporation

 ജനങ്ങൾ കൈകാര്യം ചെയ്യുന്ന അവസ്ഥയെന്ന് ഭരണപക്ഷ അംഗങ്ങൾ

കൊല്ലം: നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. തെരുവ് വിളക്ക് പരിപാലനത്തിലെ വീഴച്ചയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിലേക്ക് എത്തിയത്.

സി.പി.എം അംഗങ്ങളും സി.പി.ഐ പ്രതിനിധി അദ്ധ്യക്ഷയായുള്ള മരാമത്ത് സ്ഥിരം സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും ജനങ്ങൾ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യാൻ കാത്തുനിൽക്കുകയാണെന്നും സി.പി.എം കൗൺസിലർ ബേബി സേവ്യർ പറഞ്ഞു. മുൻ മേയർ വി. രാജേന്ദ്രബാബുവും മുൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. ജയനും മരാമത്ത് സ്ഥിരം സമിതിക്കെതിരെ രംഗത്തെത്തി. തെരുവുവിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന് മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ചിന്ത എൽ. സജിത്ത് മറുപടി പറഞ്ഞു.

 നെരുവ് നായ ശല്യം മുതൽ കൊവിഡ് പ്രതിരോധം വരെ

നഗരം തെരുവുനായ്ക്കളുടെ താവളമാകുന്നതായി ജെ. സൈജുവും സ്ളോട്ടർ ഹൗസിലെ പ്രശ്നങ്ങളെപ്പറ്റി എം.എസ്. ഗോപകുമാറും യോഗത്തിൽ പരാതിപ്പെട്ടു. കടപ്പാക്കട ഉൾപ്പെടെ നഗരത്തിലെ ചന്തകളിലെ സമൂഹവിരുദ്ധ ശല്യത്തെപ്പറ്റിയാണ് എൻ. മോഹനൻ സംസാരിച്ചത്. മാലിന്യ സംസ്കരണത്തിന് വാങ്ങിയ ബയോബിന്നുകൾ വിതരണം ചെയ്യാത്തത് പരാതികൾക്കിടയാക്കുന്നതായി വി. ഗിരിജാകുമാരി അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായാണ് കോർപ്പറേഷൻ നടത്തുന്നതെന്ന് ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി പറഞ്ഞു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ബയോമൈനിംഗ് പൂർണമായും കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് ചെയ്യില്ലെന്ന് മേയർ ഹണി ബെഞ്ചമിൻ മറുപടി നൽകി. ലാഭകരമായ കരാറുകൾ മാത്രം ഏറ്റെടുക്കാൻ കരാറുകാർ വരുന്നതാണ് റോഡ് പണിക്ക് തടസമാകുന്നത്. കോർപ്പറേഷൻ ഓഫീസിനുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന പാഴ്വസ്തുക്കൾ ഉടൻ നീക്കും. ലൈഫ് പദ്ധതിയിൽ ഏറ്റവും അർഹതയുള്ളവർക്കാകും ആദ്യം വീട് അനുവദിക്കുകയെന്നും മേയർ അറിയിച്ചു.