kollam-father
കൊല്ലം ബിഷപ്പ് ഫാ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇരവിപുരത്തെ തീരപ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ

കൊട്ടിയം: കടലാക്രമണം രൂക്ഷമായ ഇരവിപുരത്തെ തീരപ്രദേശങ്ങൾ കൊല്ലം ബിഷപ്പ് ഫാ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കാക്കത്തോപ്പ് മുതൽ ഗാർഫിൽ നഗർ വരെയുള്ള ഭാഗത്തായിരുന്നു സന്ദർശനം. തീരദേശ റോഡ് കടലെടുക്കുന്ന ഭാഗങ്ങളിൽ താമസിക്കുന്നവരോട് ബിഷപ്പ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

അതേസമയം തീരദേശത്തെ വിവരങ്ങൾ അറിയുവാനായി അതുവഴി വന്ന എം. നൗഷാദ് എം.എൽ.എയുമായി ബിഷപ്പ് ആശയ വിനിമയം നടത്തി. മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് നടപ്പിലാക്കണമെന്നും പുലിമുട്ടിന് നീളം കൂട്ടി തീരത്തെയും തീരദേശവാസികളെയും സംരക്ഷിക്കണമെന്നും ബിഷപ്പ് എം.എൽ.എയോട് ആവശ്യപ്പെട്ടു. മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് അനുസരിച്ചാണ് തീരം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും പുലിമുട്ടുകളിൽ സ്ഥാപിക്കുവാനുള്ള ടെട്രാപോഡുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നതായും പുലിമുട്ടുകളുടെ നീളം കൂട്ടൽ നടപടികൾക്ക് ലോക്ക് ഡൗണാണ് തടസമായതെന്നും എം.എൽ.എ പറഞ്ഞു.

വികാർ ജനറൽ വിൻസന്റ് മച്ചാഡോ, ക്യു.എസ്.എസ് ഡയറക്ടർ ഫാ. അൽഫോൺസ്, ഫാ. ഡിഞ്ചു, ഫാ. ജോർജ് സെബാസ്റ്റ്യൻ, കാക്കത്തോപ്പ് തീരസംരക്ഷണ സമിതി ഭാരവാഹികളായ ജയൻ മൈക്കിൾ, ബഞ്ചമിൻ, ജോൺസൻ, മാൽക്കം എന്നിവർ സംഘത്തിലുണ്ടായിരുന്നു.