ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ഞാറ്റുവേലചന്ത, കർഷക സദസ്, മട്ടുപ്പാവ് മണ്ണില്ലാ കൃഷിയുടെ രണ്ടാംഘട്ടം, കേടായ തെങ്ങ് മുറിച്ചുമാറ്റി പകരം തെങ്ങിൻതൈ വിതരണം തുടങ്ങിയ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്.
കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി. ഗിരികുമാർ, പഞ്ചായത്ത് മെമ്പർമാരായ ഉഷാദേവി, ഇന്ദിര, വി. സണ്ണി എന്നിവർ പങ്കെടുത്തു. ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് സ്വാഗതവും കൃഷി അസി. ഡയറക്ടർ ഷിബുകുമാർ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കർഷകർ കൊണ്ടുവന്ന കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.