കരുനാഗപ്പള്ളി: ഇന്നലെയുണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ ചെറിയഴീക്കൽ ഫുട്ബാൾ ഗ്രൗണ്ട് വെള്ളക്കെട്ടായി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ശക്തമായ കടലാക്രമണമാണുണ്ടാകുന്നതെന്ന് സമീപവാസികൾ പറയുന്നു. കടൽ ഭിത്തികൾ തകർന്ന ഭാഗത്തുകൂടി കൂറ്രൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുകയാണ്. വേലിയേറ്ര സമയത്താണ് തിരമാലകൾ ശക്തമാകുന്നത്. ശക്തമായ കടലാക്രമണം നേരിടുന്ന ചെറിയഴീക്കൽ ഫുട്ബാൾ അസോസിയേഷന്റെ ഹോം ഗ്രൗണ്ടായ സി.എഫ്.എ ഗ്രൗണ്ട് പുലിമുട്ട് നിർമ്മിച്ച് സംരക്ഷിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാണ്. ആലപ്പാട് പഞ്ചായത്തിലെ പ്രധാന ഫുട്ബാൾ ഗ്രൗണ്ടാണിത്. ഇവിടെയുള്ളത് കാലപ്പഴക്കമുള്ള ദുർബലമായ കടൽഭിത്തിയായതിനാൽ ചെറിയ രീതിയിലുള്ള കടൽക്ഷോഭത്തിൽപ്പോലും ഗ്രൗണ്ടിലേക്ക് വെള്ളം ഇരച്ച് കയറുന്ന അവസ്ഥയാണ്. ഗ്രൗണ്ടിലെ മണ്ണും വഹിച്ചുകൊണ്ടാണ് കടൽ തിരികെ പോകുന്നത്.
ഗ്രൗണ്ട് തകർച്ചയിൽ
അഖില കേരള ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി വർഷാവർഷം സി.എഫ്.എ വൻ തുക ചെലവഴിച്ച് ഗ്രൗണ്ട് വൃത്തിയാക്കാറുണ്ട്. എന്നാൽ കടൽക്ഷോഭം മൂലം ഗ്രൗണ്ട് തകർച്ചയിലാണ്. ഈ നില തുടർന്നാൽ ഫുട്ബാൾ ഗ്രൗണ്ട് ഏറെ താമസിക്കാതെ കടലെടുക്കുമെന്ന് ഫുട്ബാൾ പ്രേമികൾ പറയുന്നു. ഗ്രൗണ്ട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവിടെ പുലിമുട്ടുകളും കരിങ്കൽ ഭിത്തിയും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടൽ ഭിത്തിയുടെ പുനർ നിർമ്മാണം
ചെറിയഴീക്കൽ ഭാഗത്ത് കടൽ ഭിത്തിയുടെ പുനർ നിർമ്മാണം നടത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. 16 വർഷത്തിന് മുമ്പുണ്ടായ സുനാമിയിൽ ചെറിയഴീക്കൽ ഭാഗത്തെ കടൽ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിരുന്നു. എന്നാൽ കടൽ ഭിത്തി ബലപ്പെടുത്തുന്നതിനാവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. സുനാമിക്ക് ശേഷം ശ്രായിക്കാട്, അഴീക്കൽ മേഖലകളിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തിയത്.
1.36 കോടി രൂപ
ചെറിയഴീക്കൽ തുറയിൽ ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി കടൽ ഭിത്തിയുടെ നിർമ്മാണത്തിന് ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 1.36 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു പ്രോജക്ടിന്റെ നിർമ്മാണം പൂർത്തിയായി. തുടർന്നുള്ള രണ്ട് പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.