class

 ഓൺലൈൻ ടീച്ചിംഗിന് മത്സരിച്ച് വിദ്യാർത്ഥികളും

കൊല്ലം: ഓൺ ലൈൻ ടീച്ചിംഗിന് അദ്ധ്യാപകർക്കൊപ്പം മത്സരിച്ച് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളും. കൊവിഡ് കാലത്തെ ഇ ​- പഠനത്തിലാണ് അദ്ധ്യാപകരായി വിദ്യാർത്ഥികളും എത്തിയത്.
മികച്ച അദ്ധ്യാപകർ പോലും കാമറയുടെ മുന്നിൽ ഒന്ന് പകച്ചപ്പോഴാണ്,​ കുട്ടി അദ്ധ്യാപകർ കഥ പറഞ്ഞ് കുട്ടികളെ കൈയിലെടുത്തത്. മറ്റുള്ളവരെ പഠിപ്പിക്കുമ്പോഴാണ് കൂടുതൽ ഭംഗിയായി പഠിക്കാൻ കഴിയുന്നതെന്ന് മനസിലാക്കിയ അദ്ധ്യാപകർ വിദ്യാർത്ഥികളെയും പഠിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു.
എൽ.കെ.ജി മുതൽ പ്ളസ്ടു വരെയുള്ള പാഠഭാഗങ്ങളുമായി 'കുട്ടി ടീച്ചേഴ്സ് ' 600 ലധികം വീഡിയോകളാണ് ഒരു ദിവസം കൊണ്ട് അപ് ലോഡ് ചെയ്തത്. അദ്ധ്യാപകർക്ക് പുറമേ കുട്ടികൾ കൂടി പഠിപ്പിക്കാൻ തുടങ്ങിയതോടെ പഠനത്തിൽ പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി പാഠഭാഗങ്ങൾ എളുപ്പമാകുമെന്ന സന്തോഷത്തിലാണ് രക്ഷിതാക്കളും.

കൊവിഡ് ഭീതിക്കിടയിലും മുടങ്ങാതെ സ്കൂള്ളിലെത്തി 800 ലധികം വീഡിയോ ക്ലാസുകൾ അദ്ധ്യാപകർ ഇതിനോടകം ഷൂട്ട് ചെയ്ത് യുട്യൂബിൽ എത്തിച്ചിട്ടുണ്ട്.

മിടുക്കർക്ക് ഫീസിളവും സമ്മാനവും

അദ്ധ്യാപകർ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അതേ പോലെ പഠിപ്പിച്ച് ഷൂട്ട് ചെയ്ത് ക്ലാസ് ഗ്രൂപ്പിലിടുന്ന മിടുക്കർക്ക് 10 ശതമാനം ഫീസ് തിരികെ ലഭിക്കുന്ന സ്കോളർഷിപ്പും മാനേജ്മെന്റ് പ്രഖ്യാപിച്ചു. സർട്ടിഫിക്കറ്റുകളും ട്രോഫികളും പുസ്തകങ്ങളും കളി ഉപകരണങ്ങളും ടാബുകളുമടക്കം നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

''

ഇനിയൊരു ലോക്ക്ഡൗൺ ഉണ്ടായാലും ജനുവരിവരെ കുട്ടികളുടെ പഠനം തടസപ്പെടുകയില്ല. അതുവരെയുള്ള പാഠഭാഗങ്ങൾ അപ് ലോഡ് ചെയ്തുകഴിഞ്ഞു.

ശ്രീരേഖാ പ്രസാദ്

പ്രിൻസിപ്പൽ