cpm
സി.പി.എം

പത്തനാപുരം: താലൂക്ക് ആശുപത്രി എവിടെ വേണമെന്ന വിഷയത്തിൽ ഇന്നലെയും തീരുമാനമായില്ല. സി.പി.എമ്മിൽ എതിർപ്പ് ശക്തമായതോടെ അന്തിമതീരുമാനം ജില്ലാ സെക്രട്ടേറിയറ്റെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പത്തനാപുരം താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ വീണ്ടും അഭിപ്രായഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ കെ. ഗണേശ്കുമാർ എം.എൽ.എയും എൽ.ഡി.എഫ് നേതാക്കളായ കെ. രാജഗോപാൽ, എസ്. വേണുഗോപാൽ, എൻ. ജഗദീശൻ, ജിയാസുദ്ദീൻ എന്നിവരും തമ്മിൽ നടത്തിയ രഹസ്യചർച്ച മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണമുന്നയിച്ചാണ് സി.പി.എം എതിർപ്പുമായി രംഗത്തെത്തിയത്. ആശയക്കുഴപ്പം മാറിയെന്നും താലൂക്ക് ആശുപത്രി വിഷയത്തിൽ കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും എം.എൽ.എ പറഞ്ഞിരുന്നു. എന്നാൽ തീരുമാനങ്ങളെല്ലാം മാദ്ധ്യമങ്ങളിൽ വന്നതോടെ സി.പി.എം നേതൃത്വം നീരസം പ്രകടിപ്പിക്കുകയായിരുന്നു. നേരത്തേ ചേർന്ന സി.പി.എം ഏരിയാ കമ്മിറ്റിയിൽ നിന്ന് സി.പി.എം നേതാക്കളായ മീരാപ്പിള്ളയും നജീബ് മുഹമ്മദുമുൾപ്പെടെ മൂന്ന് നേതാക്കൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ഇനിയൊരു ചർച്ചയ്ക്ക് തങ്ങളില്ലെന്നും പത്തനാപുരത്ത് തന്നെ താലൂക്ക് ആശുപത്രി നിർമ്മിക്കണമെന്നും സി.പി.എം നിലപാടെടുത്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലും ജില്ലാ സെക്രട്ടറി എസ്. സുദേവനുമായി ചർച്ച ചെയ്താൽ മതിയെന്ന് ഒടുവിൽ സി.പി.എം തീരുമാനമെടുത്തു. ഇവരുടെ സൗകര്യാർത്ഥം ഇന്നോ നാളെയോ വീണ്ടും ചർച്ച നടക്കുമെന്നാണ് അറിയുന്നത്.

സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്

ബ്ലോക്ക് പഞ്ചായത്തിന്റെ വസ്തുവിൽ നിലവിലുള്ള കെട്ടിടങ്ങൾ ഒഴിവാക്കിയാൽ അറുപത് സെന്റ് സ്ഥലം മാത്രമാണ് ബാക്കിയുള്ളത്.എന്നാൽ പത്തനാപുരം കമ്യൂണിറ്റി ഹാൾ നിൽക്കുന്ന സ്ഥലം എൺപത് സെന്റിലേറെയുണ്ട്. ഈസ്ഥലം കമ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ചേർത്ത് ഇവിടെ താലൂക്ക് ആശുപത്രി നിർമ്മിക്കണമെന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതൃത്വം.