കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ച് കടയുടമകൾക്കെതിരെ കൊല്ലം സിറ്റി പൊലീസ് കേസെടുത്തു. കൊല്ലം കർബല ജംഗ്ഷൻ, ചെമ്മാൻമുക്ക്, സി.കെ.പി ജംഗ്ഷൻ, അഞ്ചാലുംമൂട്, പാരിപ്പള്ളി എന്നിവിടങ്ങളിലെ ഫോട്ടോസ്റ്റാറ്റ് കട, മിൽമാ ബൂത്ത്, സ്റ്റേഷനറി സ്റ്റോർ, പലചരക്ക് കട എന്നിവയുടെ ഉടമകൾക്കെതിരെയാണ് കേസ്.
ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവർത്തിപ്പിച്ചതിന് കടയുടമകൾക്കെതിരെ കേരളാ എപിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് നടപടികൾ. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നവർ കർശനമായും ശുചീകരണ സംവിധാനങ്ങൾ ഒരുക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.