photo

കൊല്ലം: മിന്നൽവേഗത്തിൽ സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പാട്ടുപുരയ്ക്കൽ ജംഗ്ഷനിലെ കടയ്ക്ക് മുന്നിൽ നിറുത്തിയിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കടന്ന കടയ്ക്കൽ അരീക്കോട് ദർപ്പക്കാട് കിഴക്കുംകര പുത്തൻവീട്ടിൽ റാഫിയെയാണ് (37) ചവറ പൊലീസ് പിടികൂടി കരുനാഗപ്പള്ളി പൊലീസിന് കൈമാറിയത്.

പാട്ടുപുരയ്ക്കൽ ജംഗ്ഷനിലെ സ്റ്റേഷനറി വ്യാപാരിയായ മുഴങ്ങോടി ഭരതാലയത്തിൽ സുദർശനന് ഉച്ചഭക്ഷണവുമായി കടയിൽ എത്തിയ മരുമകൾ സീമയുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. സ്കൂട്ടർ കടയ്ക്ക് മുന്നിൽ നിറുത്തിയ ശേഷം ഭക്ഷണം നൽകി തിരികെ ഇറങ്ങുന്നതിനിടെ മാസ്ക് ധരിച്ചെത്തിയ യുവാവ് സ്കൂട്ടറുമായി കടക്കുകയായിരുന്നു. ഇയാളുടെ ദൃശ്യം സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് സ്കൂട്ടർ ചവറ കെ.എം.എം.എൽ ജംഗ്ഷന് സമീപം ഉപേക്ഷിച്ചുപോയ മോഷ്ടാവ് ഇന്ന് രാവിലെ 11.30ന് മറ്റൊരാളോടൊപ്പമെത്തി സ്കൂട്ടർ എടുക്കുന്നതിനെടെയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. ചാത്തന്നൂരിൽ നിന്ന് മോഷ്ടിച്ച മറ്റൊരു സ്ക്കൂട്ടറിലാണ് ഇരുവരും ചവറയിലെത്തിയത്.

റാഫിയെ തൊടിയൂരിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ സഹിതം കരുനാഗപ്പള്ളി പൊലീസിനും ചാത്തന്നൂരിൽ നിന്ന് മോഷ്ടിച്ച സ്ക്കൂട്ടർ ചാത്തന്നൂർ പൊലീസിനും കൈമാറിയതായി ചവറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീൻ അറിയിച്ചു. മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള പദ്ധതിയിട്ടപ്പോഴാണ് റാഫി പിടിയിലായതെന്നും പൊലീസ് പറയുന്നു. കരുനാഗപ്പള്ളി സി.ഐ എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ മോഷണം നടന്നിട്ടുണ്ടെന്നാണ് സൂചന.