കൊല്ലം: വഴിയാത്രക്കാർക്കും ഗ്രാമവാസികൾക്കും പുസ്തകം തേടി അലയേണ്ട, വായനയുടെ തോന്നൽ മനസിലെത്തിയാൽ ഈ കൂടിനടുത്തേക്ക് എത്തൂ, ഒരു പുസ്തകം വച്ചിട്ട് മറ്റൊരു പുസ്തകമെടുക്കാം. ചാത്തന്നൂരിൽ സജ്ജമാക്കിയ പുസ്തകക്കൂട് ആദ്യദിനത്തിൽത്തന്നെ ഹിറ്റ്. വായനാവാരത്തിന്റെ ഭാഗമായി ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെയും പരവൂർ അഗ്നിരക്ഷാ സേന നേതൃത്വം നൽകുന്ന സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിലാണ് പുസ്തക കൂട് സജ്ജമാക്കിയത്. ഇതുപ്രകാരം ഗ്രന്ഥശാലാ അംഗത്വമില്ലാത്തവർക്കും തന്റെ കൈവശമുള്ള പുസ്തകം ഗ്രന്ഥശാലയിലെ പുസ്തക കൂടിൽ സമർപ്പിച്ച് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്ത് കൊണ്ടുപോയി വായിക്കാവുന്നതാണ്. വായനാവാരവുമായി ബന്ധപ്പെട്ട ഒരാഴ്ചക്കാലമാണ് പുസ്തകക്കൂടിന്റെ ക്രമീകരണം. വൈകിട്ട് 4.30 മുതൽ രാത്രി 8 വരെയാണ് പുസ്തകക്കൂടിന്റെ പ്രവർത്തനം.
സിവിൽ ഡിഫൻസ് അംഗങ്ങൾ ഗ്രന്ഥശാലയ്ക്ക് കൈമാറിയ പുസ്തകങ്ങൾ പുസ്തകക്കൂടിൽ സജ്ജീകരിച്ചു.
പരവൂർ ഫയർസ്റ്റേഷൻ ഓഫീസർ ഡി. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരായ കെ.എസ്. കലാധരൻ, കെ. രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.