തലച്ചോറിന് പരിക്കേറ്റ ഇംഗ്ളണ്ടുകാരിയായ യുവതിക്ക് രണ്ട് മാസത്തേക്ക് സംസാരശേഷി നഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ സംസാരശേഷി തിരികെ കിട്ടിയപ്പോൾ യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലികളിലും . എമിലി ഈഗൻ എന്ന മുപ്പത്തിയൊന്നുകാരിയാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് ഈ വിധം ജീവിക്കുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച ഈ സംഭവം.
എമിലിയ്ക്ക് സംസാരശേഷി നഷ്ടമായത് എങ്ങനെയെന്ന് ആദ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ സ്ട്രോക്ക് ആകുമെന്നായിരുന്നു ചികിത്സിച്ച ഡോക്ടർമാരുടെ നിഗമനം. എന്നാൽ പിന്നീട് തലച്ചോറിനേറ്റ പരിക്കിൽ എമിലിക്ക് സംസാരശേഷി നഷ്ടമായതാണെന്ന് കണ്ടെത്തി. എന്നാൽ പ്രത്യക്ഷത്തിലുള്ള പരിക്കുകളൊന്നും എമിലിക്ക് സംഭവിച്ചിട്ടുമുണ്ടായിരുന്നില്ല. എമിലി ഇപ്പോൾ സംസാരിക്കുന്നത് പോളിഷ്, ഇറ്റാലിയൻ, റഷ്യൻ, ഫ്രഞ്ച് തുടങ്ങി നാല് വ്യത്യസ്ത ശൈലികളിലാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് അടുത്ത അത്ഭുതം.
മറ്റൊരു കാര്യമെന്തെന്നാൽ എമിലിയ്ക്ക് ഇപ്പോൾ സ്വന്തം ഭാഷയായ എസ്സെക്സ് ശൈലിയിൽ സംസാരിക്കാൻ സാധിക്കുന്നില്ലെന്നതാണ്. സംസാരിക്കാൻ മാത്രമല്ല, താൻ ഇത്രകാലം ഉപയോഗിച്ച ഭാഷയിൽ എഴുതാനോ ചിന്തിക്കാനോ സാധിക്കുന്നില്ലെന്നും എമിലി പറയുന്നു. തലച്ചോറിന് പരിക്കേൽക്കുന്നത് മൂലം സംഭവിക്കുന്ന ഫോറിൻ അസന്റ് സിൻഡ്രോം എന്ന അപൂർവ അവസ്ഥയാണ് യുവതിക്കെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.