samantha

ലോക്ക് ഡൗൺ കാലം വളരെയധികം പ്രയോജപ്പെടുത്താൻ തീരുമാനിച്ച ഒരു താരമാണ് സാമന്ത. പുതിയ പല കാര്യങ്ങൾ പഠിച്ചും, പരിശീലിച്ചും സ്വയം ബിസിയായി ഇരിക്കുകയാണ് നടി. പാചകം, മൈക്രോ ഫാമിങ് , സിനിമാ ഓൺലൈൻ പഠനം... എന്നിങ്ങനെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ സാമന്ത ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, യോഗ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.യോഗ ചെയ്യുന്നതിന്റെ ഏതാനും ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ഇഷ ഫൗണ്ടേഷന്റെ യോഗയാണ് സാമന്ത പരിശീലിക്കുന്നത് ചെയ്യുന്നത്. 48 ദിവസം നീളുന്ന 'ഇഷ ക്രിയ' ഇന്നുമുതൽ ആരംഭിക്കുന്നു എന്നാണ് സാമന്ത കുറിക്കുന്നത്. യോഗയിൽ മുഴുകിയിരിക്കുന്ന സാമന്തയ്ക്ക് അരികെ കാവലായി വളർത്തുനായ ഹാഷിനെയും കാണാം. മൃഗസ്‌നേഹികളായ സാമന്തയുടെയും, നാഗ ചൈതന്യയുടെയും വളർത്തുനായകളായ ഹാഷും ഡ്രോഗോയും ഇരുവരുടെയും ആരാധകർക്ക് ഏറെ പരിചിതമായ മുഖങ്ങളാണ്.

ഇൻസ്റ്റഗ്രാമിലൂടെ ഹാഷിന്റെയും ഡ്രോഗ്രോയുടെയും വിശേഷങ്ങൾ സാമന്ത പങ്കുവയ്ക്കാറുണ്ട്. ഹാഷ് അക്കിനേനി, ഡ്രോഗോ അക്കിനേനി എന്നിങ്ങനെയാണ് ഇരുവരും തങ്ങളുടെ വളർത്തു നായകൾക്ക് പേരു നൽകിയിരിക്കുന്നത്. തെലുങ്കിലെ സൂപ്പർതാരം അക്കിനേനി നാഗാർജുനയുടെയും ആദ്യഭാര്യ ദഗ്ഗുബാട്ടി ലക്ഷ്മിയുടെയും മകനാണ് തെലുങ്കിലെ യുവതാരമായ നാഗ ചൈതന്യ അക്കിനേനി. 2017 ലാണ് നാഗ ചൈതന്യയും തെന്നിന്ത്യൻ താരമായ സാമന്തയും തമ്മിൽ വിവാഹിതരായത്. ഏഴുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.