covid

കൊല്ലം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ സമൂഹവ്യാപനത്തിന്റെ സാദ്ധ്യതകൾ അടയ്ക്കാൻ ജനങ്ങളുടെ സ്വയം നിയന്ത്രണവും പ്രതിരോധവും അനിവാര്യം. ചെറിയ അശ്രദ്ധ പോലും സമൂഹ വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം തുടർച്ചയായി നൽകുന്ന മുന്നറിയിപ്പ്. സാമൂഹിക അകലവും വ്യക്തി ശുചിത്വവും മാത്രമാണ് പ്രതിരോധത്തിനുള്ള ഏക മാർഗം.

രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കൊല്ലത്തുമുണ്ട്. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ പൊതു സമൂഹം പുലർത്തിയിരുന്ന ജാഗ്രത പിന്നീട് ഇല്ലാതാകുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. മാസ്ക്, വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവ കുറേക്കാലത്തേക്കെങ്കിലും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന നിർദ്ദേശം ഫലവത്താകുന്നില്ല. അതീവ ജാഗ്രതാ നിർദേശം നിലനിൽക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും സ്വയം നിയന്ത്രണങ്ങളിൽ നിന്ന് ജനങ്ങൾ പിന്നാക്കം പോകുന്നുവെന്നാണ് സർക്കാർ വകുപ്പുകളുടെ വിലയിരുത്തൽ.

 തൽക്കാലം അവരെ വെറുതെ വിടൂ....

അടുത്ത വീട്ടിലോ, ബന്ധത്തിലോ ഒരു കുഞ്ഞ് ജനിച്ചാൽ ബേബി സെറ്റും വാങ്ങി കുഞ്ഞിനെ കാണാൻ പോകുന്ന പതിവ് കുറച്ച് കാലത്തേക്ക് മാറ്റിവയ്ക്കണം. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം സ്നേഹ പ്രകടനങ്ങൾക്ക് കുറവില്ലെന്നാണ് വിലയിരുത്തൽ. വിലക്ക് ലംഘിച്ച് നവജാത ശിശുക്കളെ കാണാൻ ആരെങ്കിലും എത്തിയാൽ അതിന് അനുവദിക്കരുതെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. ഗർഭിണികൾ, രോഗം ബാധിച്ച് ചികിത്സയിലുള്ളവർ തുടങ്ങിയവരെ സന്ദർശിക്കരുത്. രോഗ പ്രതിരോധ ശേഷി കുറവുള്ളവർ കൃത്യമായ സമാൂഹിക അകലം ഉറപ്പ് വരുത്തണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ, ബന്ധുവീടുകളിലേക്കുള്ള യാത്രകൾ എന്നിവയും പൂർണമായി ഒഴിവാക്കണം.

 നിരീക്ഷണത്തിൽ കഴിയുന്നവരിലും കരുതൽ വേണം

വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ഗൃഹ നിരീക്ഷണമെന്നാൽ വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകാതെ മുറിക്കുള്ളിൽ 14 ദിവസം കഴിയുകയെന്നാണ്. എന്നാൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പലയിടത്തും പാളി. നിരീക്ഷണത്തിൽ കഴിയുന്നവരിൽ മിക്കവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ലെങ്കിലും ചിലരെങ്കിലും കുടുംബാംഗങ്ങളുമായി ഇടപഴകുന്നുണ്ട്.

 തുടരണം കരുതലും ശ്രദ്ധയും

1. അനാവശ്യ യാത്രകൾ ഒഴിവാക്കണം

2. പൊതു പരിപാടികളിൽ സാമൂഹിക അകലം ഉറപ്പാക്കണം

3. സർക്കാർ സേവനങ്ങൾ ഓൺലൈൻ മുഖേനെ നേടാൻ ശ്രമിക്കണം

4. തിരക്കേറിയ വിപണന കേന്ദ്രങ്ങൾ സന്ദർശിക്കരുത്

5. ബാങ്ക് സന്ദർശനം ഒഴിവാക്കി ഓൺലൈൻ ഇടപാടുകൾക്ക് ശ്രമിക്കുക.

6. പണം നിക്ഷേപിക്കാൻ കാഷ് ഡിപ്പോസിറ്റ് മെഷീനുകൾ ഉപയോഗിക്കുക

7. കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾ പ്രോത്സാഹിപ്പികുക.

8. വ്യാപാര കേന്ദ്രങ്ങൾ തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഒരുക്കണം.

9. കുട്ടികളെ പൊതു ഇടങ്ങളിലേക്ക് കൊണ്ടുപോകരുത്. 10. പുറത്ത് പോയി വന്നാൽ വൃത്തിയാകാതെ കുഞ്ഞുങ്ങളുമായി ഇടപഴകരുത്

11. ഇടയ്ക്കിടെ കൈ കഴുകണം,​ സാനിറ്റൈസർ ഉപയോഗിക്കണം

.............................

സാമൂഹിക അകലം കർശനമായും ഉറപ്പ് വരുത്തണം. ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണം.

ജില്ലാ മെഡിക്കൽ ഓഫീസർ, കൊല്ലം