കൊല്ലം: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊല്ലം മയ്യനാട് സ്വദേശിയായ
ജന്മകുളം പുളിമൂട് ഹൗസിൽ വസന്തകുമാർ (68) ഇന്നലെ മരിച്ചത്. ഈ മാസം 10ന് ഡൽഹിയിലെ നിസാമുദീനിൽ നിന്ന് മടങ്ങിയെത്തിയതാണ്. നിസാമുദീൻ എക്‌സ്‌പ്രസിൽ എറണാകുളത്ത് എത്തിയ വസന്തകുമാർ കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലത്തെത്തുകയും അവിടെ നിന്ന് ആംബുലൻസിൽ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമായായിരുന്നു.
ഭാര്യയെ വേളമാനൂരിലെ കുടുംബവീട്ടിലേക്ക് മാറ്റിയ ശേഷം ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
15ന് തൊണ്ടവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വസന്തകുമാർ തന്നെ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടു. ഉടൻ തന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. പരിശോധനാ ഫലം പോസിറ്റീവായതോടെ 17ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടുണ്ടായ ഹൃദയാഘാതവും കടുത്ത ന്യുമോണിയയുമാണ് മരണകാരണം. നിസാമുദ്ദീനിലെ സ്വകാര്യ ഇന്റർകോം കമ്പനിയിൽ മെക്കാനിക്കായിരുന്നു. ഭാര്യ: സുഭകുമാരി. മക്കൾ: ദിവ്യ, ദീപു. മരുമകൻ: രാജേഷ്. മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.