കൊല്ലം: മയ്യനാട് ജന്മകുളം പുളിമൂട്ടിൽ ഹൗസിൽ വസന്തകുമാർ (68) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചതോടെ ജില്ലയിൽ കൊവിഡ് മരണം രണ്ടായി. കാവനാട് സ്വദേശിയായ വൃദ്ധനാണ് കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ.
വസന്തകുമാർ ഈമാസം 8 നാണ് ഡൽഹിയിൽ നിന്ന് മംഗള എക്സ്‌പ്രസിൽ നാട്ടിലേക്ക് തിരിച്ചത്. 10 ന് എറണാകുളത്തിറങ്ങി അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലത്തെത്തി ക്വാറന്റൈനിലായി.
ഭാര്യയും മകനും വേളമാനൂരിലെ കുടുംബ വീട്ടിലായതിനാൽ മയ്യനാട്ടെ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെ അദ്ദേഹം എത്തും മുമ്പേ തന്നെ ഭക്ഷണം പാകം ചെയ്യാനുള്ള ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. രണ്ട് ദിവസം സ്വയം ആഹാരം പാകം ചെയ്തു കഴിച്ചു. ശാരീരിക അവശതകൾ തോന്നിയതോടെ മൂന്നാം നാൾ സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം വരുത്തിച്ചു. തൊട്ടടുത്ത ദിവസം വേളമാനൂരിൽ നിന്ന് മകൻ കഞ്ഞി കൊണ്ടുവന്നു. 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ന്യുമോണിയ സ്ഥിരീകരിച്ചു. ഇതിനിടെ തിങ്കളാഴ്ച വൈകിട്ട് ഹൃദയസ്തംഭനം ഉണ്ടായതോടെ ആരോഗ്യനില കൂടുതൽ വഷളായി. ഇന്നലെ രാവിലെ 9.55 ന് മരണം സ്ഥിരീകരിച്ചു. വൈകിട്ടോടെ മുളങ്കാടകം ശ്മശാനത്തിലെ ഗ്യാസ് ക്രിമിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിച്ചു. മകനും മരുമകനും ആരോഗ്യപ്രവർത്തകരുമടക്കം അഞ്ച് പേർ മാത്രമാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്.
ജീവൻരക്ഷാ മരുന്ന് എത്തിച്ചിട്ടും
അതീവ ഗുരുതരാവസ്ഥയിലായിരുന്ന വസന്തകുമാറിന് ഈമാസം 20ന് കൊവിഡ‌് ന്യുമോണിയയ്ക്കുള്ള മരുന്ന് എറണാകുളത്ത് നിന്നെത്തിച്ച് നൽകിയിരുന്നു. കൊവിഡ് ബാധിക്കും മുമ്പേ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന വസന്തകുമാറിന്റെ ജീവൻ രക്ഷിക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് അപൂർവമായി മാത്രം ഉപയോഗിക്കുന്ന മരുന്ന് പൊലീസിന്റെ സഹായത്തോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ എറണാകുളത്ത് നിന്നെത്തിച്ചത്. ആരോഗ്യകേരളം പദ്ധതിയിൽ നിന്നാണ് മരുന്നിനുള്ള 62,000 രൂപ നൽകിയത്.
ആദ്യം മരിച്ചത് സേവ്യർ
കാവനാട്, അരവിള, കാളച്ചേഴത്ത് വീട്ടിൽ സേവ്യറാണ് (63) ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ. മേയ് 31ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുൻപേ മരിക്കുകയായിരുന്നു. മരണശേഷം ജൂൺ 4 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. മത്സ്യത്തൊഴിലാളിയായ സേവ്യർ വർഷങ്ങളായി ജോലിക്ക് പോയിരുന്നില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഭാര്യയും ഇളയ മകനും രണ്ട് മരുമക്കളും നാല് കൊച്ചുമക്കളും സേവ്യറിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും നെഗറ്റീവായിരുന്നു.
കൊവിഡ് മരണത്തിൽ ജില്ല മൂന്നാം സ്ഥാനത്ത്
കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ജില്ല മൂന്നാം സ്ഥാനത്താണ്. 4 പേർ വീതം മരിച്ച തിരുവനന്തപുരം, കണ്ണൂർ ജില്ലകളാണ് ഒന്നാം സ്ഥാനത്ത്. മലപ്പുറം, തൃശൂർ ജില്ലകളിൽ 3 പേർ വീതവും പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിൽ ഒരാൾ വീതവും മരിച്ചു. കാസർകോഡ്, ഇടുക്കി, കോട്ടയം ജില്ലകളിൽ കൊവിഡ് മരണമില്ല.
ജില്ല, മരണസംഖ്യ
തിരുവനന്തപുരം: 4
കണ്ണൂർ: 4
മലപ്പുറം: 3
തൃശ്ശൂർ: 3
കൊല്ലം: 2