പത്തനാപുരം: പുന്നല, കടശേരി, ഇലപ്പക്കോട് മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് നശിപ്പിക്കപ്പെട്ടതിൽ അധികവും. വനാതിർത്തി ഗ്രാമങ്ങളിലുള്ളവരുടെ പ്രധാന തൊഴിൽ കൃഷിയാണ്. കാലങ്ങളായി ഇവിടെ വന്യമൃഗശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുരങ്ങ്, കാട്ടുപന്നി, മയിൽ തുടങ്ങിയവയും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച മേഖലകളിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം സി.ആർ. നജീബ്, കോൺഗ്രസ് പുന്നല മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാർ എന്നിവർ സന്ദർശനം നടത്തി. വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കർഷകരുടെ ആവശ്യം
കാട്ടാനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ. ലോണെടുത്തും വായ്പയ്ക്ക് പണം വാങ്ങിയും കൃഷി ചെയ്യുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. വന്യമൃഗശല്യം തടയുന്നതിന് വനംവകുപ്പ് അധികൃതരും നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പും തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.