ഓച്ചിറ: നിർമ്മാണം പൂർത്തിയായ വവ്വാക്കാവ് - മണപ്പള്ളി റോഡിൽ വവ്വാക്കാവ് റെയിൽവേ ലൈനിന് കിഴക്ക് ഓർത്തഡോക്സ് പള്ളിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെടുന്നു. മഴ പെയ്ത് കഴിഞ്ഞാൽ റോഡിന് ഇരുപുറവും കനത്ത വെള്ളക്കെട്ടുണ്ടാവുകയാണെന്നും ഇതുമൂലം നിർമ്മാണം പൂർത്തിയായ റോഡ് നശിക്കുമെന്നും നാട്ടുകാർ പറയുന്നു. 2017-18 ബഡ്ജറ്റിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർ നിർമ്മിച്ചത്. ബി.എം.ബി.സി രീതിയിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്.
കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളിയുടെ വടക്ക് കൊച്ചുകുതിരപ്പന്തി പ്രദേശത്ത് നിന്നുമുള്ള ജലം തെക്കുഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കാണ് ഒഴുകിയിരുന്നത്. ഇവിടെ മണ്ണിട്ട് ഉയർത്തിയതിനാലാണ് റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.
റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി വരുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആനക്കുഴിപ്പാലത്തിന് വീതി കൂട്ടുന്ന പ്രവർത്തനമാണ് നടക്കുന്നത്. ചില സ്ഥലങ്ങളിൽ ടാർ ഇടിയാതിരിക്കാനായി വശങ്ങൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. 273 ഘന മീറ്റർ ഗ്രാവൽ റോഡിന്റെ വശങ്ങളിൽ വിരിക്കുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്.
2017-18 ബഡ്ജറ്റിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർ നിർമ്മിച്ചത്. ബി.എം.ബി.സി രീതിയിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്.
ഒാട നിർമ്മിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം
കൊച്ചുകുതിരപ്പന്തി പ്രദേശത്ത് നിന്നുമുള്ള ജലം തെക്കുഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കാണ് ഒഴുകിയിരുന്നത്. ഇവിടെ മണ്ണിട്ട് ഉയർത്തിയതിനാലാണ് റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. ഇവിടെ ഓട നിർമ്മിക്കുന്നത് സംബന്ധിച്ച് തഴവ ഗ്രാമ പഞ്ചായത്തംഗം സലിം അമ്പീത്തറ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും നിവേദനം നൽകി. വെള്ളക്കെട്ട് ഒഴിവാക്കിയില്ലെങ്കിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് നശിക്കുമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.
വവ്വാക്കാവ് മണപ്പള്ളി റോഡിൽ കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളിയുടെ കിഴക്ക് വശത്തുനിന്നും ആനക്കുഴി പാലം വരെ 250 മീറ്റർ നീളത്തിൽ ഓടയും കവർ സ്ലാബും നിർമ്മിക്കുകയാണ് വെള്ളക്കെട്ട് ശാശ്വതമായി ഒഴിവാക്കുന്നതിനുള്ള പരിഹാരം. ഇത് സംബന്ധിച്ച് മുഖ്യ മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
സലീം അമ്പീത്തറ, തഴവ ഗ്രാമ പഞ്ചായത്തംഗം