uthra

അഞ്ചൽ: ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ പുറംപടം കേസന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് വനം വകുപ്പ്. വാവ സുരേഷിന്റെയും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബിന്റെയും സാന്നിദ്ധ്യത്തിൽ ആറ്റിങ്ങൽ ആലംകോട്ടെ ഒരു പുരയിടത്തിൽ നിന്നാണ് ഉത്രയെ കൊലപ്പെടുത്തിയ മൂർഖന്റെ പുറംപടം ലഭിച്ചത്. ഇവിടെനിന്നായിരുന്നു സുരേഷ് മൂർഖനെ പിടികൂടിയത്. സാഹചര്യത്തെളിവുകൾ വച്ച് ഉത്രയെ കടിച്ച മൂർഖന്റെ പുറംപടം തന്നെയാണെന്ന് വാവ സുരേഷും ഡോ. ജേക്കബും പറയുന്നു. ഡി.എൻ.എ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാൻ പുനലൂർ കോടതിയുടെ അനുമതിയോടെ പുറംപടം തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സൂരജ് രണ്ടാം തവണ പാമ്പിനെ വാങ്ങുമ്പോൾ ഉത്രയെ കടിപ്പിക്കാനാണെന്ന വിവരം അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സുരേഷ് സമ്മതിച്ചതായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. ലഹരിക്കുവേണ്ടി പാമ്പിൻ കുഞ്ഞുങ്ങളെ നാക്കിൽ കൊത്തിക്കുന്ന മാഫിയയുമായി സുരേഷിന് ബന്ധമുണ്ടെന്നും ഇതിനായി ഇയാൾ അന്യസംസ്ഥാനങ്ങളിലും പാമ്പിൻ കുഞ്ഞുങ്ങളെ എത്തിച്ച് ഒരു പാമ്പിന് പതിനയ്യായിരം രൂപവരെ വാങ്ങിയിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. പാമ്പിൻ വിഷം ലഹരി മാഫിയയ്ക്ക് വൻ തുകയ്ക്ക് വിറ്റ് പണം സമ്പാദിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച ഫോറസ്റ്റ് അധികൃതരുടെ കസ്റ്റഡിയിലായിരുന്ന സൂരജിനെയും സുരേഷിനെയും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും അഞ്ചൽ റേഞ്ച് ഓഫീസർ പറഞ്ഞു. കേസിന് മേൽനോട്ടം വഹിക്കുന്ന കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ സാന്നിദ്ധ്യത്തിൽ അന്വേഷണസംഘം കേസിന്റെ പുരോഗതി വിലയിരുത്തി.