കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെയും യന്ത്രവത്കൃത ബോട്ടുകൾക്കുള്ള ഡീസലിന്റെയും വില വർദ്ധനവിലൂടെ സർക്കാരുകൾ മത്സ്യത്തൊഴിലാളികളെ പിഴിയുകയാണെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പറഞ്ഞു. മത്സ്യബന്ധന മേഖലയുമായി ബന്ധപെട്ട് വിതരണം ചെയ്യുന്ന ഡീസലിന്റെയും മണ്ണെണ്ണയുടേയും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീണ്ടകര ഫിഷിംഗ് ഹാർബറിന് മുന്നിൽ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ടമെന്റ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധിയിൽ അംഗമല്ലാത്ത സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യങ്ങളും കൊവിഡ് കാലത്ത് കിട്ടിയിട്ടില്ല. കഴിഞ്ഞ പ്രളയ കാലത്ത് ദുരിതത്തിലായവർക്ക് സഹായ ഹസ്തവുമായി എത്തിയ മത്സ്യത്തൊഴിലാളികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ്, ചവറ ഗോപകുമാർ, ബൈജു പുരുഷോത്തമൻ, റോസ് ആനന്ദ്, അൻസിൽ പൊയ്ക, രാജേഷ് പന്മന, പുഷ്പരാജൻ, സാബു ശിവദാസൻ എന്നിവർ സംസാരിച്ചു.