polic

പുനലൂർ: വില്പനയ്ക്കായി കടയിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളുമായി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. പ്രതിയുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന പുനലൂർ സി.ഐ, എസ്.ഐ എന്നിവർ ഉൾപ്പെടെ 15 പൊലീസുകാർ ക്വാറന്റൈനിലാണ്.

പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കച്ചവടം നടത്തിയിരുന്ന 64കാരനെയാണ് 19ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ 18 മണിക്കൂറിന് ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇതിനിടെ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം ഇന്നലെ രാവിലെ 11ന് ആണ് ലഭിച്ചത്. ഉടൻ ഫയർഫോഴ്സ് എത്തി പൊലീസ് സ്റ്റേഷനും സമീപ പ്രദേശങ്ങളും അണുവിമുക്തമാക്കി. തിങ്കളാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാൾ ഇന്നലെ കട തുറന്നെങ്കിലും ആരോഗ്യവകുപ്പ് അധികൃതരും പൊലീസും എത്തി കടയടപ്പിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

15 പൊലീസുകാർ ക്വാറന്റൈനിൽ,

15 പൊലീസുകാർ ക്വാറന്റൈനിലായതോടെ സ്റ്റേഷനിൽ പരാതിയുമായി എത്താൻ ജനങ്ങൾ മടിക്കുകയാണ്. വ്യാപാരി കസ്റ്റഡിയിൽ കഴിയുന്നതിനിടെയും കോടതിയിൽ കൊണ്ട് പോയപ്പോഴും ഇയാളുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. കൂടാതെ മുസാവരി സ്വദേശിയായ വ്യാപാരിയുടെ ഭാര്യ, മക്കൾ, ചെറുമക്കൾ, ഒരു തമിഴ്നാട് സ്വദേശി എന്നിവരുൾപ്പെടെ 11പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.