dgp
ഡി.ജി.പി

# ജില്ലയിലെ 18 പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു

കൊല്ലം:ലഹരി വിൽപ്പനയ്ക്കിടെ പിടിയിലായ കൊവിഡ് ബാധിതനുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 15 പൊലിസുകാർ ഇന്നലെ നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ ജില്ലയിലെ പൊലീസ് സേനയൊന്നാകെ കൊവിഡ് ഭീതിയിൽ. ഈ സാഹചര്യം മുന്നിൽ കണ്ട് പകുതി പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്ന ഡി.ജി.പിയുടെ ഉത്തരവ് ജില്ലയിൽ പൂർണമായും അട്ടിമറിച്ചിരിക്കുകയാണ്.

ഈമാസം 16 നാണ് ഡി.ജി.പി സ്റ്റേഷനുകളിലെ അംഗസംഖ്യ പകുതിയായി കുറയ്ക്കാൻ ഉത്തരവിറക്കിയത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് രോഗം ബാധിച്ച് മറ്റുള്ളവരിലേക്കും പടർന്ന് പൊലീസ് സേന ഒന്നാകെ ക്വാറന്റൈനിലാകുന്ന സ്ഥിതി ഒഴിവാക്കാനായിരുന്നു നിർദ്ദേശം. പകുതി പൊലീസുകാർ തുടർച്ചയായി ഏഴ് ദിവസം ജോലി ചെയ്യണം. ബാക്കി പകുതിപേർ ഈ സമയം വീട്ടിൽ വിശ്രമിച്ച ശേഷം തൊട്ടടുത്തയാഴ്ച തുടർച്ചയായി ജോലി ചെയ്യുന്ന തരത്തിലായിരുന്നു പരിഷ്കാരം. കൊല്ലം റൂറലിൽ പൊലീസുകാരുടെ എണ്ണക്കുറവ് പറഞ്ഞ് ഉത്തരവ് ആദ്യഘട്ടത്തിൽ തന്നെ തള്ളി.

കൊല്ലം സിറ്റിയിൽ പരവൂർ, കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് ഡി.ജി.പിയുടെ ഉത്തരവ് പ്രകാരമുള്ള ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയത്. കഴിഞ്ഞമാസം അവസാനം എല്ലാ സ്റ്റേഷനുകളിലെയും മൂന്നിലൊന്ന് പൊലീസുകാരെ മാറ്റിനിർത്തി ഉത്തരവ് ഭാഗികമായി നടപ്പാക്കിയെങ്കിലും കഴിഞ്ഞയാഴ്ചയോടെ വീണ്ടും പഴയ സ്ഥിതിയിലായി. പുനലൂർ സ്റ്റേഷനിലെ 15 പൊലീസുകാർക്ക് പുറമെ പുനലൂർ പൊലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്യും മുൻപ് നിരീക്ഷണത്തിൽ പാർപ്പിച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം എ.ആർ. ക്യാമ്പിലെ മൂന്ന് പൊലിസുകാരുമാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് നിഴലിലാകുന്നതോടെ ജില്ലയിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങളും അവതാളത്തിലാകും.

ജില്ലയിലെ ആകെ പൊലീസുകാർ: 2400

 പൊലീസ് സ്റ്റേഷനുകൾ: 38

സിറ്റി: 19

റൂറൽ: 19

സ്റ്റേഷനുകളിലെ തസ്തിക: 35 മുതൽ 70 വരെ

നിലവിലുള്ളവർ: 25 മുതൽ 60 വരെ