കൊല്ല: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസർ ഉപയോഗിച്ചവരുടെ കൈകൾ പൊള്ളുകയും ചുവന്നുതുടുത്ത് നീറ്റലും വേദനയും അനുഭവപ്പെടുകയും ചെയ്തതോടെ വ്യാജ സാനിറ്റൈസറുകളുണ്ടെന്ന സംശയം കനക്കുന്നു. ചെറുതും വലുതുമായ കന്നാസുകളിൽപോലും യാതൊരു പേരുമില്ലാതെ വ്യാജന്മാർ ഇറങ്ങുന്നത്.
ചിലത് ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ കുഴപ്പമില്ല. എന്നാൽ ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കുമ്പോഴാണ് ചുവന്ന കുരുക്കളും വേദനയും നീരും വരുന്നതായി അനുഭവസ്ഥർ പറയുന്നത്. കൊവിഡ് കാലമായതിനാൽ ഇത്തരം സാനിറ്റൈസർ വിൽപനയെപ്പറ്റി യാതൊരു പരിശോധനയും നടക്കുന്നില്ല. ഇതുകാരണമാണ് വിൽപ്പന പൊടിപൊടിക്കുന്നത്.
പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് വില കൂടുതലായതിനാലാണ് സാധാരക്കാർ വിലകുറഞ്ഞ വ്യാജന്മാരെ ആശ്രയിക്കുന്നത്. ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതും അനുബന്ധ നടപടികൾ സ്വീകരിക്കേണ്ടതും ഡ്രഗ്‌സ് കൺട്രോളറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്. നേരത്തെ ഇത്തരം പരാതികളുണ്ടായപ്പോൾ സംസ്ഥാനത്തിന്റെ പലഭാഗത്തും റെയ്ഡുകൾ നടത്തിയിരുന്നു. ഇപ്പോൾ അതും നടക്കുന്നില്ല.
ഇതാണ് സാനിറ്റൈസർ
ആൾക്കഹോൾ, വെജിറ്റബിൾ ഓയിലിന്റെ വിവിധ സത്ത് മുതലായവ ഉപയോഗിച്ചാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. ഒപ്പം ഹൈഡ്രജൻ പെറോക്‌സൈഡ്, ഗ്ലിസറോൾ, അണുവിമുക്തമാക്കിയ വെള്ളം എന്നിവയും ഉപയോഗിക്കും. 100 മുതൽ 280 രൂപ വരെ വിലവരുന്നതാണ് സാധാരണ സാനിറ്റൈസർ. കുപ്പിയിൽ വിശദാംശങ്ങളെല്ലാം രേഖപ്പെടുത്തുകയും ചെയ്യും. എന്നാൽ ഒന്നുമെഴുതാതെ സാനിറ്റൈസർ എന്ന് മാത്രമെഴുതിയതാണ് ഇപ്പോൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. മിക്ക കടകളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ഇത് ലഭ്യമാകും. 80 മുതൽ 120 രൂപവരെയാണ് വില.
'കൊല്ലത്ത് വ്യാജ സാനിറ്റൈസർ കണ്ടെത്താൻ റെയ്ഡ് നടത്തി ശക്തമായ നടപടിയെടുക്കും"
ശശി , ജില്ലാ അസി. ഡ്രഗ്സ് കൺട്രോളർ