city-police
തീവ്രവാദ വേട്ട സിറ്റി പൊലീസിന്റെ മോക്ക് ഡ്രില്ലിൽ

 തീവ്രവാദ വേട്ട സിറ്റി പൊലീസിന്റെ മോക്ക് ഡ്രില്ലിൽ

കൊല്ലം: ചവറയിലെ ഇന്ത്യൻ റെയർ എർത്ത്‌സ് (ഐ.ആർ.ഇ) ഫാക്ടറിയിലെ ജീവനക്കാരെ ബന്ദികളാക്കിയ മൂന്ന് തീവ്രവാദികളെ കേരള പൊലീസിന്റെ പ്രത്യേക കമാന്റോ സംഘം കീഴടക്കി. കടൽ മാർഗമെത്തിയ തീവ്രവാദികൾ ഇന്നലെ രാവിലെ 10.50 നാണ് ഐ.ആർ.ഇയുടെ മതിൽ ചാടിക്കടന്ന് അകത്ത് കയറിയത്. അതിശയിക്കേണ്ട, കടൽ വഴിയുള്ള ഭീകര ആക്രമണം നേരിടുന്നതിനായി പൊലീസിനും ജനങ്ങൾക്കും പരിശീലനം നൽകുന്നതിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലായിരുന്നു ഭീകരാക്രമണം!.

കമ്പനിയുടെ കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കയറിയ ഇവർ ജീവനക്കാരെ ബന്ദികളാക്കി. തീവ്രവാദികൾ ഫാക്ടറിയിൽ കടന്ന വിവരം ഐ.ആർ.ഇയിൽ നിന്ന് ഉടൻ തന്നെ ചവറ പൊലീസ് സ്റ്റേഷനിലറിയിച്ചു. ഇതോടൊപ്പം ജീവനക്കാർക്ക് മുഴുവൻ അപായ സന്ദേശവുമായി സൈറൺ മുഴങ്ങി. വൈകാതെ വൻ പൊലീസ് സംഘം ഐ.ആർ.ഇ വളപ്പിലേക്ക് പാഞ്ഞെത്തി. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എസ്. നാസറുദ്ദീൻ, കരുനാഗപ്പള്ളി എ.സി.പി ബി. ഗോപകുമാർ, ചവറ ഇൻസ്പെക്ടർ നിസാമുദ്ദീൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് കുതിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ചവറയിൽ നിന്ന് ഫയർ ഫോഴ്സ് സംഘവുമെത്തി. കാന്റീൻ കെട്ടിടത്തിലേക്ക് മറ്റുള്ളവർ പ്രവേശിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം പരിസരത്തെ കെട്ടിടങ്ങളിലെ മറ്റ് ജീവനക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇതിനകം പ്രത്യേക കമാന്റോ സംഘവും സ്ഥലത്തെത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞ കമാന്റോകളിൽ ഒരു വിഭാഗം കാന്റീൻ കെട്ടിടത്തിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറി ബന്ദികളെ രക്ഷിച്ചു. ഇതേ സമയം തന്നെ രണ്ടാമത്തെ കമാന്റോ സംഘം പ്രധാന വാതിൽ വഴി അകത്ത് കയറി ഭീകരരെ കീഴ്പ്പെടുത്തി. മൂന്ന് ഭീകരരെയും ഉടനടി കനത്ത സുരക്ഷയിൽ ചവറ പൊലീസ് സ്റ്രേഷനിലേക്ക് മാറ്റി. തീവ്രവാദികൾ ബന്ദികളാക്കിയിരുന്ന ജീവനക്കാരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ബോംബ് സ്ക്വാഡും ഡോസ് സ്ക്വാഡും പരിശോധന നടത്തിയത്. കെട്ടിടത്തിനകത്ത് ഒളിപ്പിച്ച് വച്ചിരുന്ന ബോംബ് കണ്ടെടുത്ത് നിർവീര്യമാക്കി. ആദ്യം അമ്പരന്ന ജീവനക്കാരിൽ പലർക്കും പൊലീസിന്റെ മോക് ഡ്രില്ലാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ശ്വാസം വീണത്. കമ്പനിയിൽ നിന്ന് അപായ സൈറൺ മുഴങ്ങിയതോടെ പരിസര വാസികളും ഏറെ നേരം അമ്പരന്നു. തുടരെ തുടരെ പൊലീസ് വാഹനങ്ങളും ഫയർ ഫോഴ്സ് സംഘവും എത്തിയതോടെ അപകടം നടന്നുവെന്ന് ജനങ്ങൾക്കിടയിൽ പ്രചരിച്ചു. പിന്നീടാണ് ഇതെല്ലാം മോക് ഡ്രില്ലായിരുന്നെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്.

മാറി വരുന്ന സാഹചര്യത്തിൽ കടൽവഴി ഉണ്ടായേക്കാൻ സാദ്ധ്യതയുളള ഭീകരാക്രമണം നേരിടാൻ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പൊലീസിനും അവബോധം സൃഷ്ടിക്കാനാണ് മോക്ക് ഡ്രിൽ നടത്തിയത്

ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ