crowd

 ഭീതിയോടെ ഉദ്യോഗസ്ഥർ

കൊല്ലം: വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ പല സർക്കാർ ഓഫീസുകളിലും സാമൂഹ്യ അകലം പാലിക്കാതെയുള്ള ജനത്തിരക്ക്. ജീവനക്കാരുടെ ഹാജർ 50 ശതമാനമായി പരിമിതപ്പെടുത്തിയത് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുമുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ, സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് വലിയ ജനത്തിരക്കുള്ളത്. എല്ലാ ഓഫീസുകളിലും സന്ദർശകരുടെ വിലാസം ശേഖരിച്ച ശേഷമാണ് പ്രവേശിപ്പിക്കുന്നത്. പൊതുവിതരണ വകുപ്പിന്റെ ഓഫീസുകളിൽ ഇനിയും 50 ശതമാനം ഹാജർ നടപ്പാക്കിയിട്ടില്ല. ഗർഭിണികളായ ജീവനക്കാരടക്കം ഇപ്പോഴും ജോലിക്ക് വരികയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങൾ ഉദ്യോഗസ്ഥരുമായി കൂടുതൽ ഇടപഴകാനുള്ള സാദ്ധ്യത പരമാവധി ഒഴിവാക്കുന്നുണ്ട്. എല്ലാ അപേക്ഷകളും ഇപ്പോൾ ഫ്രണ്ട് ഓഫീസ് വഴിയാണ് ശേഖരിക്കുന്നത്.

ബാങ്കുകളിലും വലിയ തോതിൽ ഇടപാടുകാരെത്തുന്നുണ്ട്. ടോക്കൺ അടിസ്ഥാനത്തിലാണ് ഒട്ടുമിക്ക ബാങ്കുകളിലും ആളുകളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ബാങ്കുകൾക്ക് മുന്നിലും മണിക്കൂറുകളോളം നീണ്ട ക്യൂവാണ്. പൊലീസ് സ്റ്റേഷനുകളിലും പരാതികളുമായി പഴയത് പോലെ ആളുകൾ എത്തിത്തുടങ്ങി.