photo
കൊട്ടാരക്കര ചന്തമുക്കിൽ ഓടതെളിച്ച് മൂടി സ്ഥാപിച്ചപ്പോൾ

കൊല്ലം: കൊട്ടാരക്കര പട്ടണത്തിലെ ഓടകൾക്ക് ഒടുവിൽ ശാപമോക്ഷമായി. ഇതോടെ പട്ടണത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പട്ടണത്തിലെ ഓടകൾ തെളിച്ച് മേൽമൂടി സ്ഥാപിച്ചത്. റെയിൽവേ സ്റ്റേഷൻ കവല മുതൽ പുലമൺ കോളേജ് ജംഗ്ഷൻ വരെയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ റെയിൽവേ സ്റ്റേഷൻ മുതൽ പുലമൺ ജംഗ്ഷൻ വരെയുള്ള നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികളുടെ ആവശ്യമേയുള്ളു. വീതി കുറവുള്ള ഇടങ്ങളിൽ ഐറിഷ് കോൺക്രീറ്റ് നടത്തുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് നിർമ്മാണം പൂർത്തിയാവുക. ജനുവരി ആദ്യവാരത്തിലാണ് ഓടകളുടെ നിർമ്മാണ ജോലികൾ തുടങ്ങിയത്. കോവിഡിന്റെ നിയന്ത്രണങ്ങൾ ബാധിച്ചെങ്കിലും വളരെ വേഗത്തിൽ എല്ലാ ജോലികളും പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.

പട്ടണത്തിന്റെ ദുരിതം മാറുന്നു

കൊട്ടാരക്കരയിലെ ഓടകൾ മാലിന്യവും മണ്ണും അടിഞ്ഞുകൂടി നികന്നിരുന്നതാണ്. നീരൊഴുക്കിന് സൗകര്യമില്ലാത്തതിനാൽ ഓടയ്ക്ക് പുറത്ത് റോഡ് നിറഞ്ഞായിരുന്നു മഴവെള്ളത്തിന്റെ ഒഴുക്ക്. മഴവെള്ളം കെട്ടി നിൽക്കുന്നതും ഇവിടെ പതിവായിരുന്നു. ഓടകളിൽ മാലിന്യം കെട്ടി നിൽക്കുന്നത് ദുർഗന്ധമടക്കം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നതാണ്. കഴിഞ്ഞ പെരുമഴക്കാലത്ത് മിക്ക വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുകയും സാധനങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ചന്തമുക്കിലും പുലമൺ ജംഗ്ഷനിലുമായിരുന്നു വലിയ തോതിൽ വെള്ളക്കെട്ടുണ്ടായത്.

വ്യാപാരികൾക്കും തൃപ്തി

കൊട്ടാരക്കര പട്ടണത്തിലെ ഓടകൾ നവീകരിച്ചത് വ്യാപാരികൾക്ക് പൂർണ തൃപ്തികരമായിട്ടാണ്. കടകൾക്ക് മുന്നിലെ പൊട്ടിത്തകർത്ത മേൽമൂടികളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചു. ചിലയിടങ്ങളിൽ തകരാറില്ലാത്ത മേൽമൂടി തന്നെ ഉപയോഗിച്ചെങ്കിലും അതിലും പരാതികളില്ല. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയതിന്റെ ഗുണം ഇപ്പോൾ പെയ്ത മഴയത്ത് പ്രതിഫലിച്ചിട്ടുണ്ട്.

2 കോടി

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പട്ടണത്തിലെ ഓടകൾ തെളിച്ച് മേൽമൂടി സ്ഥാപിച്ചത്

300 മീറ്റർ ദൂരം ഫുട് പാത്ത്

കച്ചേരിമുക്കിൽ പോസ്റ്റ് ഓഫീസിന് സമീപത്തായി ഓടയുടെ ഒരുവശത്ത് ഇരുമ്പ് കൈവരികൾ സ്ഥാപിച്ച് നടപ്പാത ഒരുക്കുന്ന പ്രവർത്തനം നടന്നുവരുകയാണ്. 300 മീറ്റർ ദൂരം ഫുട് പാത്ത് നിർമ്മിക്കുന്നുണ്ട്. റോഡിന്റെ ടാറിംഗും ഓടയും തമ്മിലുള്ള അകലത്തിൽ ഇന്റർലോക്ക് പാകി കൂടുതൽ ഗതാഗത സൗകര്യമൊരുക്കും.