കുണ്ടറ: ആഫ്രിക്കയിൽ നിന്ന് മാമ്പുഴയിലെ വീട്ടിലെത്തി ഹോം ക്വാറന്റൈനിൽ പ്രവേശിച്ച 24കാരനെ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. അൻപതോളം പേർ വീടിനുമുന്നിൽ സംഘടിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
തിങ്കളാഴ്ച രാത്രിയാണ് ഡൽഹിയിൽ നിന്ന് യുവാവ് മാമ്പുഴ കൊച്ചാലുമ്മൂടിന് സമീപത്തെ വീട്ടിലെത്തിയത്. ആഫ്രിക്കയിൽ നിന്ന് ഡൽഹിയിലെത്തി ഒരാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞശേഷമാണ് വിമാനമാർഗം നാട്ടിലെത്തിയത്. രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലാത്തതിനാൽ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. യുവാവ് വീട്ടിലെത്തിയതോടെ കുടുംബാംഗങ്ങൾ എല്ലാവരും ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചു. ചുറ്റുമതിലുള്ള വീടിന്റെ മതിലിൽ പിതാവ് ഭക്ഷണം കൊണ്ടുവച്ചശേഷം മടങ്ങിപ്പോവുകയായിരുന്നു പതിവ്.
യുവാവ് എത്തിയതറിഞ്ഞ് രാത്രിതന്നെ നാട്ടുകാർ വീടിന് മുന്നിൽ സംഘടിച്ചിരുന്നു. വീടിനുനേർക്ക് കല്ലേറുണ്ടായതായും പറയുന്നു. നാട്ടുകാർ സംഘടിച്ചതറിഞ്ഞ് ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജുവിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെത്തി നാട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കുണ്ടറ പൊലീസ് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ നാട്ടുകാരുമായി സംസാരിച്ചു. ജനവാസ മേഖലയിൽ പാർപ്പിക്കാനാവില്ലെന്നും യുവാവിനെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രോഗലക്ഷണമില്ലെങ്കിൽ കുടുംബാംഗങ്ങൾ യുവാവിനൊപ്പം താമസിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
ഇൻസ്‌പെക്ടർ ജില്ലാ കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. വീട്ടിൽ സൗകര്യമുള്ളതിനാൽ സർക്കാർ സംവിധാനത്തിലാക്കാനാവില്ലെന്നും വീട്ടിൽതന്നെ കഴിയുമെന്നും കളക്ടർ അറിയിച്ചു. പരാതിയുള്ളവർ കളക്ടറുമായി ബന്ധപ്പെട്ട് ഉത്തരവ് വാങ്ങണമെന്ന് പൊലീസ് അറിയിച്ചെങ്കിലും നാട്ടുകാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. നിലവിൽ വീടിന് സമീപം പൊലീസ് കാവലേർപ്പെടുത്തിയിരിക്കുകയാണ്.