 
കൊല്ലം: കൊവിഡ് സംഭാവനയായ മാസ്ക് ഇനി വസ്ത്രധാരണത്തിന്റെ ഭാഗമാകുന്നതിനൊപ്പം ഫാഷൻ ട്രെൻഡുമാകും. സ്ത്രീകൾക്ക് മാച്ചിംഗ് ബ്ളൗസും സാരിയും പോലെ മുഖശ്രീ കൂട്ടാനും മാച്ചിംഗ് മാസ്ക്. ചെറിയ കുട്ടികൾക്കും മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്ത അളവുകളിലെ മാസ്‌ക്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് യൂണിഫോമിന് മാച്ചിംഗ് മാസ്ക്. പൊലീസിനും കാക്കി ഉപയോഗിക്കുന്ന മറ്റു ജീവനക്കാർക്കും കാക്കി മാസ്ക്.
കൊല്ലം കുണ്ടറ ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈൻ കുടുംബശ്രീയുടെ സഹകരണത്തോടെ ഫാഷൻ രുചിഭേദങ്ങൾക്കനുസരിച്ച് മാസ്ക് നിർമ്മാണ വിപ്ളവത്തിന് തയ്യാറെടുക്കുകയാണ്. കുടുംബശ്രീയുടെ പരിശീലനം നേടിയ വനിതകൾ ഏറ്റവും നിലവാരമുള്ള മാസ്‌ക് ഇഷ്ടമുള്ള ഡിസൈനിൽ നിർമ്മിക്കും. കഴുകി ഉപയോഗിക്കാവുന്ന കോട്ടൺ, ലിനൻ, സിന്തറ്റിക് ഒരു മീറ്റർ തുണിയിൽ ഏഴോ എട്ടോ മാസ്‌ക് നിർമ്മിക്കാം. നിലവാരം അനുസരിച്ച് 20 മുതൽ 100 രൂപ വരെ വിലവരും. ഇഷ്ട വസ്ത്രത്തിനിണങ്ങുന്ന വിവിധ നിറങ്ങളിൽ ലഭിക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇഷ്ടമുള്ള ഡിസൈനിലും വലിയ തോതിലും മാസ്‌ക് നിർമ്മിച്ച് നൽകാനും തീരുമാനമുണ്ട്. കോളേജ് വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ ഡിസൈനർ മാസ്‌കുകളും തയ്യാറാക്കുന്നുണ്ട്. വില: 20 - 100 രൂപ ഒരു മീറ്റർ തുണിയിൽ: 8 മാസ്‌ക് മൂന്നുലക്ഷം ഓർഡർ കെ.എസ്.എഫ്.ഇയുടെ എംബ്‌ളം വച്ച് മുന്നുലക്ഷം മാസ്‌കുകൾ നിർമ്മിക്കാൻ കുടുംബശ്രീയ്ക്ക് ഇതിനകം തന്നെ ഓർഡർ ലഭിച്ചു. കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാസ്‌കിന്റെ ബ്രാൻഡ് നെയിം ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനിച്ചേക്കും. ഡിസൈനർ മാസ്‌ക് നിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയ 50 വനിതകൾ ഈയാഴ്ച തന്നെ നിർമ്മാണം തുടങ്ങും.