കൊല്ലം: കുഞ്ഞൻ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇഗ്ഗു വീണ്ടും യജമാനൻ ജിതിനൊപ്പം കുസൃതിയും കളിയും തുടങ്ങി. ഇഗ്വാന ഇനത്തിൽപ്പെട്ട ഈ അരുമ മൃഗത്തിന് മേൽത്താടിയിൽ മാസം വളർന്ന് (ഗ്രോസുലോമ രോഗം) ആഹാരം കഴിക്കാനാകാത്ത അവസ്ഥയായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ഗ്രോസുലോമ ബാധിച്ച ഭാഗം മുറിച്ച് നീക്കുകയായിരുന്നു. പല്ലി വർഗ്ഗത്തിൽപ്പെട്ട ഉരഗ ജീവിയാണ് ഇഗ്വാന. ഉടമ ഓച്ചിറ ആയിക്കാട്ട് വീട്ടിൽ ജിതിൻ ഈ ഇഗ്വാനയെ 'ഇഗ്ഗു" എന്നാണ് വിളിച്ചിരുന്നത്. ദിവസങ്ങളായി ആഹാരം കഴിക്കാഞ്ഞതോടെ ഇഗ്ഗു വളരെ ക്ഷീണിതനായി. കഴിഞ്ഞ ദിവസം ജിതിൻ ഇഗ്ഗുവിനെ കൊല്ലം വെറ്ററിനറി കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തെക്കേ അമേരിക്കൻ സ്വദേശിയാണ് ഇഗ്വാനകൾ. ജിതിന്റെ കൈവശമുള്ള ആൺ ഇഗ്വാനക്ക് 5 വയസ് പ്രായമുണ്ട്. നാല് കിലോ ഭാരവുമുണ്ട്. നാലു മാസം പ്രായമുള്ള കുഞ്ഞിനെ എറണാകുളത്തു നിന്നാണ് വാങ്ങിയത്. വെജിറ്റേറിയനായ ഇഗ്ഗു തികച്ചും ശാന്ത പ്രകൃതക്കാരനും ഉടമയോട് നന്നായി ഇണങ്ങുന്നതുമാണ്. പക്ഷെ ഉപദ്രവിച്ചാൽ കടിക്കും. വിഷമില്ലെങ്കിലും കടിച്ചുപിടിച്ച് വലിക്കുന്നതിനാൽ വലിയ മുറിവുണ്ടാകും. മുരിങ്ങയില, ചീര, കാരറ്റ്, ചെമ്പരത്തിപ്പൂവ്, തുടങ്ങിയ പച്ചിലകളാണ് പ്രധാന ഭക്ഷണം. ഒന്നര മീറ്ററോളം നീളമുള്ള ഇഗ്വാനകൾക്ക് ലക്ഷങ്ങൾ വിലവരും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജൻ ഡോ. അജിത് പിള്ളയുടെ നേതൃത്വത്തിൽ ഡോക്ടർമാരായ അജിത് ബാബു, എസ്. രാജു എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് ഇഗ്ഗുവിന് ആന്റിബയോട്ടിക് മരുന്നുകളും ആഹാര ക്രമീകരണവും നിർദ്ദേശിച്ചിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് പൂർണ ആരോഗ്യവാനാകും.