ജോലിയോടുള്ള ആത്മാർത്ഥത എന്താണെന്ന് ഈ കാളയിൽ നിന്ന് പഠിക്കണം. വെസ്റ്റ് ഡൽഹിയിൽ നിന്നുള്ള ലോക്‌സഭാ എം.പി പർവേഷ് സാഹിബ് സിംഗ് ആണ് ട്വിറ്ററിൽ ഒരു കാളയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. 12 സെക്കന്റ് മാത്രമുള്ള വിഡിയോയിൽ വണ്ടി വലിക്കുന്ന കാളയാണ് താരം.
വണ്ടിയിൽ മുഴുവൻ പച്ചപ്പുല്ല് നിറച്ചിരിക്കുന്നു. ഈ കാളവണ്ടി താനാണ് വലിക്കേണ്ടത് എന്ന ബോധ്യമുള്ള കാള വണ്ടിക്കും, നുകത്തിനും ഇടയിലായി കയറി നിൽക്കുന്നു. തുടർന്ന് തല താഴ്ത്തി നുകം തന്റെ ചുമലിലാക്കുന്ന കാള തലപൊക്കി വണ്ടി വലിച്ചു മുന്നോട്ട് പോകുന്നു. ഈ സമയത്തൊക്കെയും കാളവണ്ടിയിലോ, പരിസരത്തോ കാളവണ്ടി തെളിക്കുന്ന ആരേയും കാണാനില്ല എന്നുള്ളതാണ് കൗതുകകരമായ കാര്യം.
കാളയ്ക്ക് തന്റെ ജോലിയെക്കുറിച്ച് നന്നായി അറിയാം, അത് ചെയ്യാൻ ആരും പിറകെ നിൽക്കേണ്ടതില്ല എന്നതാണ് ദൃശ്യത്തിൽ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ ദിവസം പർവേഷ് സാഹിബ് സിംഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് 24 മണിക്കൂറിനകം 1.65 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വൈറൽ ആയിരിക്കുകയാണ്. 23,000-ത്തിൽ അധികം ലൈക്കുകളും, നാലായിരത്തിലധികം റീട്വീറ്റുകളും ലഭിച്ചു.
"മഹത്തായ ഒരു വീഡിയോ, തന്റെ ജോലി എന്താണെന്നും, ഉത്തരവാദിത്തം എന്താണ് എന്നും കൃത്യമായി ഒരു മൃഗത്തിന് പോലും അറിയാം. മനുഷ്യന് ഒരു വലിയ പാഠം ആണ് ഇത് നൽകുന്നത്. നമ്മൾ ചെയ്യേണ്ട ജോലി ചെയ്യുക, വിജയം നമ്മെ പിന്തുടരും," ഒരാൾ ട്വിറ്ററിൽ കുറിച്ചു.
Mesmerising 😊 pic.twitter.com/52uJcwGPza
— Parvesh Sahib Singh (@p_sahibsingh) June 22, 2020