രാജ്യമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്കൂൾ കുട്ടികളെല്ലാം വീടുകളിൽ ടിവിയുടെ മുമ്പിലിരുന്നും വീഡിയോ ഗെയിം കളിച്ചുമൊക്കെ സമയം കളഞ്ഞു. എന്നാൽ, ഡൽഹിയിലുള്ള ഈ പത്താം ക്ലാസുകാരൻ തന്റെ സമയം മുഴുവൻ ചെലവിച്ചത് കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ഫേസ് ഷീൽഡുകൾ നിർമിക്കാനാണ്. ആദ്യം തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് ത്രീഡി പ്രിന്റർ വാങ്ങി .
ഇതിനായി തന്റെ പഠനമുറിയെ തന്നെയാണ് പത്താം ക്ലാസുകാരനായ സാരെബ് വർധൻ ഉപയോഗിച്ചത്. തന്റെ സ്നൂക്കർ മേശ ഫേസ് ഷീൽഡ് ഹോൾഡറായും മാറ്റി. ഒരു ദിവസം പത്തിൽ കൂടുതൽ ഫേസ് ഷീൽഡുകൾ നിർമ്മിച്ചു.
താൻ നിർമിച്ച 100 ഫേസ് ഷീൽഡുകൾ ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയ്ക്ക് സാരെബ് കൈമാറുകയും ചെയ്തു. ജൂൺ 22ന് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് ഫേസ് ഷീൽഡുകൾ കൈമാറിയത്. കൊവിഡ് കാലത്ത് ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് വേണ്ടിയാണ് സാരെബ് ഷീൽഡുകൾ കൈമാറിയത്. കൊവിഡ് പടരുന്ന സാഹചരിയത്തിൽ ആളുകളുമായി പൊലീസ് ഫേസ് ഷീൽഡ് ഇല്ലാതെ ഇടപെടുന്നത് കണ്ടതാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സാരെബ് പറയുന്നു.
ആരോഗ്യമന്ത്രാലത്തിന്റെ നിർദ്ദേശം അനുസരിച്ച് ആളുകൾ സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. ആളുകളുമായി ഏറ്റവുമധികം ഇടപെടേണ്ടി വരുന്നത് പൊലീസുകാർക്കാണ്. അതുകൊണ്ട് അവർക്കായി ഫേസ് ഷീൽഡ് നിർമിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സാരെബ് വാർത്ത ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.