ക്യാമറകളോടും ഫോട്ടോഗ്രഫിയോടും മെഗാസ്റ്റാർ മമ്മൂട്ടിക്കുള്ള പ്രിയം സിനിമാ പ്രേക്ഷകർക്കെല്ലാം തന്നെ അറിയാവുന്ന കാര്യമാണ്. മമ്മൂക്ക എടുത്ത പല ചിത്രങ്ങളും ആരാധകരുടെ ആൽബങ്ങളിൽ ഭദ്രമായിട്ടുണ്ടാകും. ഈ ലോക്ക് ഡൗണിൽ പല താരങ്ങളും അവരുടെ സ‌്വന്തം കഴിവുകൾ വീട്ടിലിരുന്ന് പൊടിതട്ടിയെടുക്കുന്നത് സോഷ്യൽ മീഡിയകളിലൂടെ നാം കണ്ടും കഴിഞ്ഞു. പലരുടേയും പാട്ടും, ഡാൻസും, ശരീര സംരക്ഷണവുമെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലുമായി.
എന്നാൽ വീട്ടിലിരിക്കുന്ന മമ്മൂക്ക എന്തുചെയ്യുകയാവും എന്ന് ചിന്തിച്ച ആരാധകർക്കായി, തന്റെ വീട്ടിലിരുന്നുള്ള ഫോട്ടോഗ്രാഫി പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ. ഇൻസ്റ്റഗ്രാമിലൂടെയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചത്. രാവിലെ വീട്ടിലെത്തുന്ന അതിഥികളുടെ ചിത്രം പകർത്തുകയാണ് താരം. തന്റെ ക്യാമറയിൽ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്. പഴയ ഹോബിയാണെന്നും മമ്മൂട്ടി കുറിച്ചു.
നീളൻ ലെൻസുള്ള കാമറയിലൂടെ വീടിന്റെ വരാന്തയിൽ കസേരയിട്ടിരുന്ന് ചിത്രം പകർത്തുകയാണ് മമ്മൂട്ടി. താടിയും മുടിയും നീട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങൾ .ഗാന ഗന്ധർവ്വൻ യേശുദാസിനെയും എംടിയേയുമൊക്കെ നിർത്തി മമ്മൂട്ടി ഫോട്ടോ എടുക്കുന്ന ചിത്രം കഴിഞ്ഞയിടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.