രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ മാസമാണ് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖി ഉത്തർപ്രദേശിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയതോടെ 20 വർഷം മുൻപത്തെ തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് താരം കൃഷിപ്പണി ചെയ്യാൻ ഇറങ്ങിയതിന്റെ വിഡിയോ പങ്കുവച്ചത്.
പണിപൂർത്തിയാക്കി കൃഷിസ്ഥലത്തെ ചാലിൽ നിന്ന് കയ്യും കാലും കഴുകി തൂമ്പയുമെടുത്തു പോകുന്നതാണ് വിഡിയോയിൽ. ഇന്നത്തെ പണി കഴിഞ്ഞു എന്ന അടിക്കുറിപ്പിലാണ് വിഡിയോ. മണ്ണിലും വിയർപ്പും നിറഞ്ഞ ദേഹത്തോടെയാണ് അദ്ദേഹം പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത്.
എന്തായാലും ആരാധകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് വിഡിയോ. ഇത്ര വലിയ നടനായിട്ടും സാധാരണ ജീവിതം നയിക്കാൻ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങൾ മാതൃകയാണെന്നാണ് മറ്റൊരു കമന്റ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
ഇതിന് മുൻപും തന്റെ വയലിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ട്രാക്ടർ ഉപയോഗിച്ച് വയൽ ഒഴുതു മറിക്കുന്നതിന്റേയും കർഷകർക്കൊപ്പം വയലിൽ ഇരിക്കുന്നതുമായിരുന്നു ചിത്രങ്ങൾ. താരത്തിനും കുടുംബത്തിനും കടുക് കൃഷിയാണ് ഉള്ളത്. ചെറുപ്പകാലം മുതൽ നവാസുദ്ദീൻ കൃഷിപ്പണി ചെയ്യുന്നുണ്ട്. മുസാഫിർ നഗറിലെ ബുദ്ധന ഗ്രാമത്തിൽ നിന്ന് ആദ്യമായി ഗ്രാജുവേഷൻ നേടുന്നയാൾ നവാസുദ്ധീനാണ്. തുടർന്നാണ് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നതും ബോളിവുഡിൽ താരമാകുന്നതും.