നിർമ്മാണത്തിന്റെ ടെണ്ടർ ഇന്ന് പ്രസിദ്ധീകരിക്കും
കൊല്ലം: ഇരവിപുരം റെയിവേ മേല്പാലം സ്റ്റീൽ കൊണ്ട് നിർമ്മിക്കാൻ സർക്കാർ തീരുമാനം. കോൺക്രീറ്റ് നിർമ്മാണ രീതി പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതവും പിന്നീടെപ്പോഴെങ്കിലും പൊളിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണവും ഒഴിവാക്കാനാണ് സ്റ്റീൽ കൊണ്ട് നിർമ്മിക്കാൻ തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ റെയിൽ പാളത്തിന് മുകളിലുള്ള ഭാഗം മാത്രം സ്റ്റീൽ കൊണ്ട് നിർമ്മിക്കാനായിരുന്നു ആലോചന. പിന്നീടാണ് അപ്രോച്ച് റോഡും സ്റ്റീലും അനുബന്ധ ഘടകങ്ങളും ഉപയോഗിച്ച് നിർമ്മിക്കാൻ തീരുമാനിച്ചത്. വളരെ കുറച്ച് ഭാഗത്ത് മാത്രമേ കോൺക്രീറ്റ് നിർമ്മാണം ഉണ്ടാകൂ. സ്റ്റീൽ കൊണ്ടുള്ള നിർമ്മാണമാകുമ്പോൾ കോൺക്രീറ്റിനെക്കാൾ വേഗത്തിൽ പൂർത്തിയാകുമെന്ന പ്രത്യേകതയുമുണ്ട്.
മേല്പാലം നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. 86 ഉടമകളിൽ നിന്നായി ഒരേക്കർ 30 സെന്റ് സ്ഥലമാണ് പാലം നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. നിർമ്മാണ രീതി മാറിയെങ്കിലും എസ്റ്റിമേറ്റിൽ കാര്യമായ വ്യത്യാസമില്ല. നിർമ്മാണ ടെണ്ടർ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി ഇന്ന് പ്രസിദ്ധീകരിക്കും. പാലം നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബിയിൽ നിന്ന് 31.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
10 മേല്പാലങ്ങൾ
ഇരവിപുരത്ത് ഉൾപ്പെടെ സംസ്ഥാനത്ത് 10 റെയിൽവേ മേല്പാലങ്ങൾ സമാനമായ തരത്തിൽ സ്റ്റീൽ കൊണ്ടാകും നിർമ്മിക്കുക. ഇവയുടെ ടെണ്ടറുകൾ ഒരുമിച്ചാണ് പ്രസിദ്ധീകരിക്കുന്നത്.
ചിറയിൻകീഴ്
മാളിയേക്കൽ
ഗുരുവായൂർ
ചിറങ്ങര
അകത്തേത്തറ
വാടാനംകുറിശ്ശി
താനൂർ തെയ്യാള
ചേളാരി ചെട്ടിപ്പാടി
കൊടുവള്ളി
ഇരവിപുരം റെയിൽവേ മേല്പാലം
പാലത്തിന്റെ വീതി: 10.5 മീറ്റർ
അപ്രോച്ച് റോഡ് സഹിതം നീളം: 411.27 മീറ്റർ
കിഫ്ബിയിൽ നിന്ന്: 31.6 കോടി രൂപ
ഏറ്റെടുക്കുന്ന സ്ഥലം: 1 ഏക്കർ 30 സെന്റ്